തിരുവനന്തപുരം: എസ്.എസ്.എസ്.എല്‍.സി പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മുസ്‌ലിം ലീഗിന്റെ കൊടിയിലെ അടയാളമായ ചന്ദ്രക്കലയും നക്ഷത്രവും. ഇംഗ്ലീഷ് മീഡിയം സാമൂഹ്യശാസ്ത്ര ചോദ്യപേപ്പര്‍ അവസാനിക്കുന്ന ഭാഗത്താണ് ചിഹ്നം ചേര്‍ത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പും ലീഗ് വല്‍ക്കരിക്കുകയാണെന്ന ആരോപണത്തിന് കരുത്തു പകരുകയാണ് പുതിയ വിവാദം.
നേരത്തെ സ്‌കൂളുകളില്‍ പച്ച ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതും വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ചസാരി ധരിച്ചെത്തണമെന്ന് സര്‍ക്കുലര്‍ ഇറക്കിയതും വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രി മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബിന്റെ പല നടപടികളും വിവാദം വിളിച്ചുവരുത്തുകയായിരുന്നു.
സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ കേസു നടത്തുമ്പോള്‍ മന്ത്രി പുത്രന് തൃശൂരിലെ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനം തരപ്പെടുത്തിയാണ് വിദ്യാഭ്യാസ മന്ത്രി വിവാദത്തിന് തുടക്കമിട്ടത്. എതിര്‍പ്പുകള്‍ അവഗണിച്ച് അബ്ദുറബ്ബ് പുത്രനെ അതേ മെഡിക്കല്‍ കോളേജില്‍ പഠിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് മന്ത്രി അടൂര്‍ പ്രകാശ് പരിയാരം മെഡിക്കല്‍ കോളജില്‍ മകള്‍ക്കു എം.ഡി സീറ്റില്‍ ലഭിച്ച പ്രവേശനം റദ്ദാക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയുടെ പേരുമാറ്റിയും അബ്ദുറബ്ബ് വിവാദം സൃഷ്ടിച്ചിരുന്നു.