ചോര്‍ത്തിയ രേഖകള്‍ പാക്കിസ്ഥാനും ചൈനയ്ക്കും ലഭിച്ചതായി സൂചന

ന്യൂഡല്‍ഹി: വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ചോര്‍ത്തിയ രഹസ്യ രേഖകള്‍ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെയും ചൈനയുടെ അധികൃതര്‍ക്ക് ഈ രേഖകള്‍ കൈമാറിയതായി സംശയിക്കുന്നുവെന്നു ഡല്‍ഹി പൊലീസ്. മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഊര്‍ജ കണ്‍സള്‍ട്ടന്റ് പ്രയാസ് ജെയ്‌നാണ് ഈ രേഖകള്‍ അയല്‍രാജ്യങ്ങള്‍ക്ക് കൈമാറിയത്. എന്നാല്‍ ഇയാള്‍ കൈമാറിയ രേഖകളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഊര്‍ജം, കല്‍ക്കരി, എണ്ണ, വാതകം എന്നീ മേഖലകളിലെ 250 വിദേശ ക്ലൈന്റുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്. രഹസ്യരേഖകള്‍ സ്വന്തമാക്കാന്‍ വേണ്ടി സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് ഇയാള്‍ നല്‍കിയിരുന്നത്. ഇത്തരം രേഖകള്‍ കോടിക്കണക്കിനു രൂപയ്ക്ക് വിദേശികള്‍ക്ക് മറിച്ചു വിറ്റിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഓഫിസിലുണ്ടായ തീപിടിത്തവും അട്ടിമറിയാണെന്നു പൊലീസ്.

മാധ്യമപ്രവര്‍ത്തകന്‍ ശന്തനു സാക്കിയയ്‌ക്കൊപ്പമാണു ജെയ്‌നിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ രഹസ്യം ചോര്‍ത്തിയ കേസില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിലെ താത്കാലിക ജീവനക്കാരന്‍ വീരേന്ദര്‍ കുമാറാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഔദ്യോഗിക ലെറ്റര്‍ ഹെഡ്ഡില്‍ തയാറാക്കിയ വ്യാജക്കത്തും സംഘത്തിനു നല്‍കിയത് ഇയാളായിരുന്നു. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഇയാളുടെ അറസ്റ്റിനെത്തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു രഹസ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. രേഖകള്‍ ചോര്‍ത്തിയിട്ടില്ലെന്നാണു മന്ത്രാലയത്തിന്റെ വാദം.

Top