ജഡ്ജിക്കെതിരായ ലൈംഗികപീഡന പരാതി: രാജ്യസഭാ സമിതി അന്വേഷിക്കും

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഹൈകോടതി ജഡ്ജി എസ്.കെ. ഗാംഗലെക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന പരാതി അന്വേഷിക്കാന്‍ സഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സമിതിയെ നിയോഗിച്ചതായി രാജ്യസഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജഡ്ജിയെ പാര്‍ലമെന്റ് കുറ്റവിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് രാജ്യസഭ അനുമതി നല്‍കിയതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് ചെയര്‍മാന്‍ സമിതിയെ നിയോഗിച്ചത്.

കുറ്റാരോപിതരായ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാരമുപയോഗിച്ച് പദവിയില്‍നിന്ന് പുറത്താക്കുന്ന ഭരണഘടനാപരമായ നടപടിയാണ് കുറ്റവിചാരണ.

സുപ്രീംകോടതി ജഡ്ജി വിക്രംജിത് സെന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ മലയാളിയായ സുപ്രീംകോടതി അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, കൊല്‍ക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവരുമുണ്ട്.

ജഡ്ജിക്കെതിരായ കുറ്റവിചാരണക്ക് അടിസ്ഥാനമായ പരാതിയില്‍ കഴമ്പുണ്ടോയെന്ന് സമിതി പരിശോധിക്കും. തുടര്‍ന്ന് സമിതി റിപ്പോട്ട് രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇംപീച്‌മെന്റ് ആവശ്യമുണ്ടോയെന്ന് രാജ്യസഭാ അധ്യക്ഷന്‍ തീര്‍പ്പുകല്‍പിക്കും.

രാജ്യസഭക്കുള്ളില്‍ കയറാന്‍ അനുമതിയില്ലാത്തതിനാല്‍ ജഡ്ജിക്കായി രാജ്യസഭക്കു പുറത്ത് അംഗങ്ങളെ കാണുന്ന തരത്തില്‍ പ്രതിക്കൂട് ഒരുക്കും. ഇംപീച്‌മെന്റ് വേളയില്‍ അംഗങ്ങളുന്നയിക്കുന്ന വിഷയങ്ങള്‍ക്ക് ജഡ്ജി മറുപടി നല്‍കണം. അതിനു ശേഷമായിരിക്കും പ്രമേയം വോട്ടിനിടുക. രാജ്യസഭ പാസാക്കുന്ന പ്രമേയം പിന്നീട് ലോക്‌സഭയും പാസാക്കണം.

കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങി 58 രാജ്യസഭാംഗങ്ങളാണ് ജഡ്ജിക്കെതിരായ ഇംപീച്‌മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭരണഘടനയുടെ 124(4) വകുപ്പും 217 വകുപ്പും അടിസ്ഥാനമാക്കിയായിരുന്നു എം.പിമാരുടെ നോട്ടീസ്.

ലൈംഗിക പീഡനം, അധാര്‍മിക ആവശ്യങ്ങള്‍ക്കു വഴങ്ങാത്തതിന്റെ പേരില്‍ സ്ഥലംമാറ്റി ബുദ്ധിമുട്ടിക്കല്‍, അധികാര ദുര്‍വിനിയോഗം എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ജഡ്ജിക്കെതിരെ ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ഹാമിദ് അന്‍സാരി നോട്ടീസിന് അനുമതി നല്‍കുകയും ചെയ്തു. 1968ലെ ജഡ്ജി അന്വേഷണനിയമത്തിലെ മൂന്നാം വകുപ്പുപ്രകാരമാണ് 58 എം.പിമാരുടെ നോട്ടീസിന് അനുമതി നല്‍കിയത്.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഗ്വാളിയാറിലെ വനിതാ ജഡ്ജി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജ്യസഭാംഗങ്ങള്‍ ഗാംഗലെക്കെതിരെ കുറ്റവിചാരണ ആവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷനെ സമീപിച്ചത്.

ജസ്റ്റിസ് ഗാംഗലെയുടെ ഇംഗിതത്തിനു വഴങ്ങാത്തതിന് തന്നെ സിദ്ധിയിലേക്കു സ്ഥലംമാറ്റിയെന്ന് വനിതാ ജഡ്ജി ആരോപിച്ചിരുന്നു.

Top