ശ്രീനഗര്‍: ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ അധികാരമേറ്റു. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ നരീന്ദര്‍ നാഥ് വോറ സത്യ വാചകം ചൊല്ലിക്കൊടുത്തു. ബിജെപിയിലെ നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജമ്മു യൂണിവേഴ്‌സിറ്റിയിലെ സോറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലാണ് ചടങ്ങു നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്‍.കെ അഡ്വാനി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി ഉള്‍പ്പെടെ 25 അംഗങ്ങളാണ് മന്ത്രി സഭയിലുള്ളത്. ബിജെപിയില്‍ നിന്നു 12പേരും പിഡിപിയില്‍ നിന്നു 13 പേരുമാണ് ഉണ്ടാവുക. ഇത് രണ്ടാം തവണയാണ് മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2002 ല്‍ കോണ്‍ഗ്രസ് -പിഡിപി സര്‍ക്കാരില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. 87 അംഗ നിയമസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 28 സീറ്റുകള്‍ നേടി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. 25 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വന്നതോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിനു ശിപാര്‍ശ ചെയ്യുകയായിരുന്നു.
ബിജെപിയും പിഡിപിയും തമ്മില്‍ ആദ്യം മുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഡല്‍ഹിയില്‍ അധികാരം ലഭിക്കുമെന്ന ബിജെപി പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ചര്‍ച്ചകള്‍ക്കു ബിജെപി തന്നെ മുന്‍കൈ എടുത്തു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണ അറിയിച്ചെങ്കിലും കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപിയുമായി സഖ്യം സ്ഥാപിക്കുന്നതിലായിരുന്നു പിഡിപിക്കു താത്പര്യം.
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്. സായുധ സൈന്യത്തിന്റെ പ്രത്യേക അവകാശം എന്നിവയിലെ നിലപാടുകളില്‍ ധാരണയിലെത്താത്തതാണ് സര്‍ക്കാര്‍ രൂപീകരണം വൈകാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാത്തില്‍ മുന്നോട്ടു പോകാന്‍ ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. പൊതുമിനിമം പരിപാടി ഉടന്‍ പ്രഖ്യാപിച്ചേക്കും.