ജമ്മു: ജമ്മു കാഷ്മീരില്‍ പോലീസ് സ്റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സുരക്ഷാസേന കൊലപ്പെടുത്തിയതായി സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഏഴു സിആര്‍പിഎഫ് ജവാന്മാരടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറോടെ കത്വ ജില്ലയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനു നേരെയാണ് ആക്രമണം ഉണ്ടായത്.
സൈനിക യൂണിഫോമിലെത്തിയ മൂന്നു തീവ്രവാദികളാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പൊലീസ് സ്റ്റേഷനും പരിസരവും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സംഭവത്തെ തുടര്‍ന്ന് ജമ്മു ദേശീയ പാത അധികൃതര്‍ അടച്ചു. കാഷ്മീരില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് തീവ്രവാദി ആക്രമണം നടക്കുന്നത്.