ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്നിംഗ്‌സ് വിജയത്തോടെ മൈക്കല്‍ ക്ലാര്‍ക്കിന് ഓസ്‌ട്രേലിയ ഇജ്വല യാത്രയയപ്പ് നല്‍കി. ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ആതിഥേയരെ കീഴടക്കിയത്. 3-2ന് പരമ്പരവിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയെങ്കിലും അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ് ആവേശമുയര്‍ത്തിയിരിക്കുകയാണ്.
332 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 286 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക്(85) മാത്രം ഏകനായി പൊരുതി. പീറ്റര്‍ സിഡില്‍ നാലു വിക്കറ്റ് വീഴ്ത്തി. നേഥന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ(143) പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ 481 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 149 റണ്‍സിന് അവസാനിച്ചിരുന്നു.
ഒന്നും മൂന്നും നാലും ടെസ്റ്റുകള്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോല്‍ രണ്ടും അഞ്ചും ടെസ്റ്റുകള്‍ വിജയിച്ച് ഓസ്‌ട്രേലിയ മാനം കാത്തു.
530 റണ്‍സോടെ സ്റ്റീവന്‍ സ്മിത്ത് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തി. ക്രിസ് റോജേഴ്‌സ് (480), ജോ റൂട്ട്(460) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ വര്‍ഷം 1000 റണ്‍സ് എന്ന നേട്ടവും ജോ റൂട്ട് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത് 979 റണ്‍സോടെ തൊട്ടടുത്ത സ്ഥാനത്തുണ് ട്. 21 വിക്കറ്റോടെ സ്റ്റുവര്‍ട്ട് ബ്രോഡാണ് ആഷസ് പരമ്പരയില്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന് 18 വിക്കറ്റ് ലഭിച്ചു.