ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ഇതോടെ അടുത്ത തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ജയലളിത ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജയലളിതയുടെ ജാമ്യഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് കേസ് നീട്ടിവച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യമാകും വരുംദിവസവും പ്രതിഭാഗം ഉയര്‍ത്തുക. സുപ്രീം കോടതിയെ സമീപിക്കാതെ തന്നെ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുന്നതിന്റെ സാദ്ധ്യതകളാണ് ജയലളിതയുടെ അഭിഭാഷകസംഘം ആരായുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പതിനെട്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് കോടതി നാലു വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും വിധിച്ചത്.