ജയലളിതയ്ക്ക് നാല് വര്‍ഷം തടവും നൂറ് കോടിരൂപ പിഴയും

ബാംഗ്ലൂര്‍: അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് നാലുവര്‍ഷം തടവും നൂറുകോടി രൂപ പിഴയും വിധിച്ചു. കേസിലെ മറ്റ് പ്രതികളായ ശശികല, സുധാകര്‍, ഇളവരശി എന്നിവര്‍ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും ചുമത്തി.

ബംഗളൂരുവിലെ പരപ്പന ജയില്‍ വളപ്പിലെ പ്രത്യേക കോടതി ജഡ്ജി ജോണ്‍ മെക്കിള്‍ ഡി കുന്‍ഹയാണ് വിധി പറഞ്ഞത്. 1991- 96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ജയലളിത ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ്. കേസില്‍ ശിക്ഷ വിധിക്കപ്പെടുന്നതോടെ 1988 അഴിമതി നിരോധനനിയമപ്രകാരം ജയലളിതയുടെ എം.എല്‍.എ സ്ഥാനം നഷ്ടമാകും. അതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വരും. മൂന്ന് വര്‍ഷത്തിന് മുകളിലാണ് തടവ് ശിക്ഷ എന്നതിനാല്‍ ജാമ്യത്തിനായി ജയലളിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. കര്‍ണാടകയില്‍ ദസറ, ബക്രീദ് എന്നീവയ്ക്ക് നാളെ മുതല്‍ അവധിയായതിനാല്‍ എട്ട് ദിവസം കഴിഞ്ഞിട്ടാവും ജാമ്യപേക്ഷ കോടതിയില്‍ എത്തുക.

Top