ബംഗളുരു: ജയലളിതയ്‌ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളുരു പ്രത്യേക കോടതി ഇന്ന് വിധി പറയും. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നകേസിലാണ് ഇന്ന് കോടതി വിധി പറയുന്നത്. ജയലളിതയ്ക്കു പുറമേ തോഴി ശശികല ദത്തുപുത്രനായ സുധാകരന്‍ ശശികലയുടെ ബന്ധു ഇളവരശി എന്നിവരും പ്രതികളാണ്.
1996 ല്‍ ബിജെപി നേതാവ് സുബ്രഹമണ്യ സ്വാമിയാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 1996 ല്‍ അധികാരത്തില്‍ വന്ന ഡിഎംകെ സര്‍ക്കാര്‍ ജയലളിതയെ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഡിഎംകെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസ് ബംഗളുരുവിലേക്ക് മാറ്റിയത്.
നേരത്തെ കേസില്‍ സെപ്തംബര്‍ 20 ന് വിധി പറയാനാണ് നിശ്ചയിച്ചിരുന്നുവെങ്കിലും വിധി പറയുന്നത് സിറ്റി സെക്ഷന്‍ കോടതിയില്‍ നിന്ന് മാറ്റുകയായിരുന്നു. അതേസമയം വിധി പറയുന്നത് ബംഗളുരുവില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട ജയലളിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. ജയലളിതയക്ക് പിന്തുണ അറിയിച്ച് നൂറുകണക്കിന് എഎംഡികെ പ്രവര്‍ത്തകര്‍ ബംഗളുരുവില്‍ എത്തുമെന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.