ചെന്നൈ: ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ഈ മാസം 17നു സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണു സൂചന. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അയോഗ്യത ഹൈക്കോടതി വിധി വന്നതോടെ നീങ്ങി. ഈ സാഹചര്യത്തിലാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്നത്.
നിലവിലെ മുഖ്യമന്ത്രി പനീര്‍ശെല്‍വവും മറ്റുമന്ത്രിമാരും ജയലളിതയെ പയസ് ഗാര്‍ഡനിലെത്തി സന്ദര്‍ശിച്ചിരുന്നു. പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്താന്‍ ജയലളിത തീരുമാനിച്ചത്. ഏറ്റവും അടുത്ത ദിവസം തന്നെ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്ക്ക് നല്‍കിയ ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി അവധികാല ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് കുമാര സ്വാമിയാണ് റദ്ദാക്കിയത്. രാവിലെ 11 മണിക്ക് ചേര്‍ന്ന കോടതി ഒറ്റവരിയിലാണ് വിധി പ്രസ്താവിച്ചത്. കോടതി അപ്പീലുകള്‍ അംഗീകരിക്കുന്നു എന്ന് മാത്രമാണ് ജഡ്ജി പറഞ്ഞത്.