ജയലളിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കോടതി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നെത്തിയ അഭിഭാഷകരാണ് ഹര്‍ജി നല്‍കിയത്.

ഇടക്കാലജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയലളിതയുടേയും കൂട്ടുപ്രതികളുടെയും ജാമ്യത്തിനായി 900 പേജുള്ള ഹര്‍ജിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

വിചാരണ കോടതിയുടെ ഉത്തരവ് അതിര്‍വരമ്പുകള്‍ ലംഘിച്ചതാണെന്നും 100 കോടി രൂപ പിഴ ചുമത്തിയുള്ള ഉത്തരവ് കഠിനമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ജാമ്യാപേക്ഷ നല്‍കുന്നതിന്റെ മുന്നോടിയായി ഞായറാഴ്ച ജയിലില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നിയമവിദഗ്ധരുമായും ജയലളിത കൂടിയാലോചന നടത്തിയിരുന്നു.

ഒക്ടോബര്‍ ഒന്നുമുതല്‍ ആറുവരെ കോടതി അവധിയായതിനാലാണ് തിങ്കളാഴ്ച തന്നെ ഹര്‍ജി നല്‍കിയത്.

Top