ജയില്‍ മോചിതയായിട്ടും ഇറോം ശര്‍മിള വീണ്ടും നിരാഹാരത്തില്‍

ഇംഫാല്‍: തടവില്‍ നിന്ന് മോചിതയായ ഇറോം ശര്‍മിള വീണ്ടും നിരാഹാര സമരം ആരംഭിച്ചു. ഇംഫാലില്‍ ഇമാ കെയ്തല്‍ മാര്‍ക്കറ്റിലിരുന്നാണ് ഇറോം സമരം ചെയ്യുന്നത്. ഇംഫാല്‍ ജില്ലാ കോടതിയുടെ ഉത്തരവിലാണ് ശര്‍മിളയെ വിട്ടയിച്ചത്. ആശുപത്രിയില്‍ നിന്ന് മോചിതയായ ഇറോം ഇമാ മാര്‍ക്കറ്റിലെത്തി നിരാഹാരം ആരംഭിക്കുകയായിരുന്നു.

2000 നവംബര്‍ മുതലാണു ഇറോം ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. മണിപ്പുരിലെ പ്രത്യേക സായുധ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. സമരം പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെ ശര്‍മിളയ്‌ക്കെതിരേ ആത്മഹത്യശ്രമം എന്ന കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്‌റില്‍ ഇവരെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ശര്‍മിള വീണ്ടും സമരം തുടങ്ങിയതിനാല്‍ വീണ്ടും അറസ്‌റ് ചെയ്ത് ജുഡീഷല്‍ കസ്‌റഡിയില്‍ വിടുകയായിരുന്നു. ഇതിനെതിരേ ശര്‍മിള നല്കിയ ഹര്‍ജിയിലാണ് വ്യാഴാഴ്ച അനുകൂലമായ കോടതി ഉത്തരവ് വന്നത്.

Top