ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധ കലശലായതിനെ തുടര്‍ന്നു കഴിഞ്ഞ മാസം 29നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍. കൃഷ്ണയ്യര്‍ എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുര രാമകൃഷണ അയ്യര്‍ 1915 നവംബര്‍ 15ന് പാലക്കാട് ശേഖരീപുരത്ത് ജനിച്ചു. പാലക്കാട് വിക്‌ടോറിയ കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിഎ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്നു നിയമബിരുദവും നേടി.

1938ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി.അഭിഭാഷകനായ അദ്ദേഹം ആധുനിക ഇന്ത്യയുടെ നിയമ ശില്‍പ്പികളില്‍ പ്രമുഖനായിട്ടാണ് അറിയപ്പെടുന്നത്.

1952ല്‍ മദ്രാസ് നിയമസഭാംഗവും 1957ല്‍ കേരള നിയമസഭാംഗവുമായി. കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകള്‍കൈകാര്യം ചെയ്തു. 1968ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലോ കമ്മിഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Top