ജിഎസ്ടി 2016 ഏപ്രില്‍ ഒന്നിനു നടപ്പാക്കാന്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അനുമതി നല്‍കിയതോടെ ചരക്കു സേവന നികുതി (ജിഎസ്ടി) 2016 ഏപ്രില്‍ ഒന്നിനു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.

രാജ്യത്തെ നികുതി ഘടന പൂര്‍ണമായും മാറ്റുന്ന ചരക്കു സേവന നികുതി ആറുവര്‍ഷം വൈകിയാണ് നടപ്പാകുന്നത്. 2010 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പായിരുന്നു മുഖ്യ തടസ്സം. ഒടുവില്‍ ബിജെപി തന്നെ മുന്‍കൈ എടുത്താണ് ഇപ്പോള്‍ നിയമം നടപ്പാക്കുന്നത്.
നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം വില്‍പന നികുതി പരിധിയില്‍ വരുന്ന വിറ്റുവരവിന്റെ കാര്യത്തില്‍ മാത്രമാണ്. 25 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ളവരെ മാത്രം നികുതി പരിധിയില്‍ കൊണ്ടുവന്നാല്‍ മതിയെന്നാണ് കേന്ദ്ര നയം. സംസ്ഥാനങ്ങള്‍ ഇത് 10 ലക്ഷം രൂപയായി നിശ്ചയിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. 75 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളിലെ നികുതി സംസ്ഥാനങ്ങളാണ് നിയമം അനുസരിച്ച് പിരിക്കുക. 75 ലക്ഷത്തിനു മുകളിലുള്ള സ്ഥാപനങ്ങളില്‍ കേന്ദ്രം നികുതി പിരിക്കും. ഇരു നികുതികളുടേയും വിഹിതം പരസ്പരം പങ്കുവയ്ക്കുന്ന രീതിയിലാണ് സംവിധാനം.
ജിഎസ്ടിക്ക് ഒപ്പം ദേശീയ പൊതു വിപണി കമ്മിഷന്‍ (നാഷനല്‍ കോമണ്‍ മാര്‍ക്കറ്റ് കമ്മിഷന്‍) നിലവില്‍ വരും.

Top