ജിജി തോംസണിനെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ജിജി തോംസണിനെ ചീഫ് സെക്രട്ടറിയാക്കന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമൊലിന്‍ അഴിമതിക്കേസിലെ പ്രതിയെ ഉന്നത പദവിയിലിരുത്തരുത്. അഴിമതിക്കേസിലെ പ്രതിയെ സ്ഥാനക്കയറ്റത്തിന് പോലും പരിഗണിക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നിരിക്കെ ജിജി തോംസണിനെ
ചീഫ്‌സെക്രട്ടറിയാക്കുന്നത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണും വി.എസ് അഭിപ്രായപ്പെട്ടു.

അഴിമതിക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിനുപോലും പരിഗണിക്കാന്‍ പാടില്ലെന്നാണ് 2011ല്‍ സുപ്രീം കോടതി വിധിച്ചത്. പാമോലിന്‍ കേസില്‍ കുറ്റവിചാരണ നേരിടുന്ന പി ജെ തോമസിനെ ചീഫ് വിജിലന്‍സ് കമ്മീഷണറാക്കിയ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇങ്ങനെ ഉത്തരവിട്ടത്. സുപ്രീം കോടതിയുടെ ഈ വിധി ജിജി തോംസന്റെ കാര്യത്തിലും ബാധകമാണ്.

പാമോലിന്‍ കേസിലെ പ്രധാന പ്രതികളിലൊരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥാനായി അതേ അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ജിജി തോംസണ്‍ കൂടി എത്തുന്നതോടെ ഭരണനേതൃത്വമാകെ അഴിമതിക്കാരുടെ കേളീരംഗമായി മാറും.

രാജ്യത്തിനാകെ അഭിമാനമായി മാറേണ്ട ദേശീയ ഗെയിംസിനെയും സ്വന്തം കീശ വീര്‍പ്പിക്കാനുള്ള അവസരമാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ അഴിമതിക്ക് അരങ്ങൊരുക്കിയിട്ടുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍, അഴിമതിക്കേസില്‍ വിചാരണ നേരിടുന്നയാളെ ചീഫ് സെക്രട്ടറിയാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്‍മാണ്‍റണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Top