ജി എസ് ടി നിരക്ക്; ട്രാക്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചേക്കും

ജി എസ് ടി നിരക്കുകളുടെ അടിസ്ഥാനത്തില്‍ ട്രാക്ടറുകളുടെ വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരല്‍പം നിരാശ പകരും. നിലവില്‍ 12 ശതമാനം നികുതി ഈടാക്കുന്ന ട്രാക്ടറുകള്‍ക്ക് മേല്‍ 28 ശതമാനം ചരക്ക് സേവന നികുതിയാകും പ്രാബല്യത്തില്‍ വരിക.

അതായത് 25000 രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിരക്ക് വര്‍ദ്ധനവിനെതിരെ ട്രാക്ടര്‍ നിര്‍മ്മാതാക്കളുടെ സംഘടന കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.

ട്രാക്ടറുകള്‍ക്ക് മേല്‍ നിശ്ചയിച്ചിരിക്കുന്ന 28 ശതമാനം നികുതി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്തണമെന്നാണ് സംഘടനയുടെ ആവശ്യം.

നേരത്തെ, 28 ശതമാനം ജി എസ് ടി നിരക്കിന്മേല്‍ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ സെസാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.

സെസ് റദ്ദാക്കിയ പശ്ചാത്തലത്തില്‍ ജൂലായ് ഒന്ന് മുതല്‍ 28 ശതമാനം ജി എസ് ടി നിരക്ക് മാത്രമാകും വാഹനങ്ങളില്‍ ചുമത്തപ്പെടുക.

ചരക്ക് സേവന നികതിയുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമാക്കിയാണ് വാഹനങ്ങളിലേത് ഉള്‍പ്പെടെയുള്ള സെസ് കേന്ദ്രം നീക്കിയിരിക്കുന്നത്.

അതേസമയം, ചുരുക്കം ചില ട്രാക്ടര്‍ ഘടകങ്ങളുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്നും 12 ശതമാനമായി ജി എസ് ടി കൗണ്‍സില്‍ പുന:സ്ഥാപിച്ചിട്ടുണ്ട്.

ട്രാക്ടറുകളുടെ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, മറ്റ് ഘടകങ്ങള്‍ക്ക് 28 ശതമാനം ജി എസ് ടി നിരക്ക് തന്നെയാകും നിലകൊള്ളുകയെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും ട്രാക്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ മുന്‍പ്രസിഡന്റുമായ ടി ആര്‍ കേശവന്‍ പറഞ്ഞു.

ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന സെസ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ജി എസ് ടി നിരക്കുകള്‍ വിപണിയില്‍ കാറുകളുടെയും ആഢംബര കാറുകളുടെയും വില കുറയ്ക്കും.

Top