തിരുവനന്തപുരം: ജി. കാര്‍ത്തികേയന്‍ കേരളരാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ കാര്‍ത്തികേയനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങളുടെ ചാട്ടവാറുകളെക്കാള്‍ സ്‌നേഹപൂര്‍വമുള്ള ശാസനകളാണ് സ്പീക്കര്‍ എന്ന നിലയില്‍ കാര്‍ത്തികേയന്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ഭരണ പ്രതിപക്ഷാംഗങ്ങളുടെ സ്‌നേഹത്തിനും ആദരവിനും പാത്രമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മറ്റു കക്ഷിനേതാക്കള്‍ എന്നിവര്‍ കാര്‍ത്തികേയനെ അനുസ്മരിച്ചു. നിയമസഭാ സമ്മേളനം കാര്‍ത്തികേയനു ചരമോപചാരം അര്‍പ്പിച്ചു ഇന്നത്തേക്ക് പിരിഞ്ഞു.
കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകുന്നേരം മൂന്നിനു നിയമസഭാ മെംബേഴ്‌സ് ലോഞ്ചിലും യോഗം ചേരും. മുഖ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, കക്ഷിനേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.