ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രിയായി ജെ പി നദ്ദയെ നിയമിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാറിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എ എ പി രംഗത്തെത്തി. എയിംസിലെ ചീഫ് വിജിലന്‍സ് ഉദ്യോഗസ്ഥനെ അന്യായമായി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ജെ പി നദ്ദയായിരുന്നു.
എയിംസില്‍ നിന്ന് സന്‍ജീവ് ചതുര്‍വേദിയെ മാറ്റിയ ജെ പി നദ്ദയെ കേന്ദ്രം ആരോഗ്യ മന്ത്രിയാക്കിയിരിക്കുകായണ്. നദ്ദയിലൂടെ ഇനി മോദിജി എയിംസിലെ അഴിമതി ഇല്ലാതാക്കുമോ എന്ന് പാര്‍ട്ടി നേതാവ് കെജ്‌രിവാള്‍ ചോദിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ എയിംസിലെ ചീഫ് വിജിലന്‍സ് പദവിയില്‍ നിന്ന് ചതുര്‍വേദിയെ നീക്കം ചെയ്തത് മുതല്‍ എ എ പി ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തുണ്ടായിരുന്നു. ആരോഗ്യമന്ത്രിയുടെ കസേരയിലുണ്ടായിരുന്ന ഹര്‍ഷവര്‍ധന് മേല്‍ സമ്മര്‍ദം ചെലുത്തിയാണ് ചതുര്‍വേദിയെ ജെ പി നദ്ദ നീക്കം ചെയ്തിരുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ മന്ത്രാലയത്തിലെ സമുന്നതനായ ഒരു വ്യക്തിയെ അന്യായമായി പിരിച്ചുവിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെ പി നദ്ദയെ ആരോഗ്യ മന്ത്രിയായി നിയമിച്ചതിലൂടെ എയിംസിലെ അഴിമതിയും ആരോഗ്യമേഖലയിലെ ചെലവും വര്‍ധിക്കുമെന്ന് മുതിര്‍ന്ന എ എ പി നേതാവ് മനീഷ സിസോദിയ വ്യക്തമാക്കി.