തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്തിറങ്ങി എന്ന വാര്‍ത്ത തെറ്റാണെന്ന് അസോസിയേഷന്‍ നേതൃത്വം അറിയിച്ചു.
ഐപിഎസ് ഓഫീസര്‍മാര്‍ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ടത് സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമായ കാര്യമാണ്. പ്രത്യേകമായി ഒരാളെ ലക്ഷ്യമിട്ട രൂപത്തില്‍ ചിത്രീകരിക്കുന്നത് ശരിയായ നിലപാടല്ലെന്നും അസോസിയേഷന്‍ ഭാരിവാഹികള്‍ പറഞ്ഞു.
ജേക്കബ് തോമസിനെതിരെ ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നുവെന്നും അദ്ദേഹത്തിനെതിരായ പ്രസ്താവനയായി യോഗ തീരുമാനങ്ങള്‍ ചിത്രീകരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നേതൃത്വം വിശദീകരണം നല്‍കിയത്.
ജേക്കബ് തോമസിനെതിരെ യോഗത്തില്‍ ഒരു നിലപാടും ആരും എടുത്തിട്ടില്ലെന്നും ഐപിഎസ് അസോസിയേഷന്‍ വ്യക്തമാക്കി.
ജേക്കബ് തോമസ് ഉള്‍പ്പെടെ നിരവധി ഐപിഎസുകാരെ മതിയായ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി സ്ഥലം മാറ്റിയ നടപടിയിലും ഐപിഎസ് അസോസിയേഷന്‍ കടുത്ത പ്രതിഷേധത്തിലാണ്.
ഇതുസംബന്ധമായി നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്ത്ര മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐപിഎസ് അസോസിയേഷന്‍ നല്‍കിയ കത്ത് നിലനില്‍ക്കെ വീണ്ടും നിരവധി ഉദ്യോഗസ്ഥരെ മാറ്റിയത് ശരിയായ നടപടിയല്ലെന്നാണ് അസോസിയേഷന്റെ നിലപാട്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് വീണ്ടും പരാതി നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന.