ജോലിക്ക് വേണ്ടിയോ,നീതിക്ക് വേണ്ടിയോ ജീവിതം?ഡിജിപിയുടെ പോസ്റ്റ് വൈറലായി

തിരുവനന്തപുരം: വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന് സര്‍ക്കാര്‍ വേട്ടയാടുന്ന ഡിജിപി ജേക്കബ് തോമസ് നിലപാടുകള്‍ വ്യക്തമാക്കുന്നതിനായി പുതിയ ഫേസ്ബുക്ക് പേജ് തുടങ്ങി. ‘സത്യമേവ ജയതേ’ എന്ന് പേരിട്ടിരിക്കുന്ന ഫേസ്ബുക്കിലെ പേജിലെ ആദ്യ പോസ്റ്റ് തന്നെ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

‘ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിലാണ് താനെന്ന ജേക്കബ് തോമസിന്റെ പോസ്റ്റിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവനടക്കം നിരവധി പോരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

2

‘ ജീവിക്കുവാന്‍ പണമുണ്ടെങ്കില്‍, തൊഴിലിന്റെ അന്തസ് ആവശ്യമില്ലെങ്കില്‍, തൊഴില്‍ കൊണ്ട് ജീവിതത്തില്‍ വിലപ്പെട്ടതെന്നു കരുതുന്ന ഒന്നും ആര്‍ക്കും ചെയ്യാന്‍ കഴിയുന്നില്ലായെങ്കില്‍, ഇനി കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍, തൊഴില്‍ കളഞ്ഞ് നീതിയ്ക്ക് വേണ്ടി ജീവിക്കണമെന്നതാണ് ഹരീഷിന്റെ കമന്റ്.

അതല്ല, താല്‍ക്കാലികമായ തിരിച്ചടികളേയുള്ളൂ എങ്കില്‍, ജോലികൊണ്ട് ജീവിക്കുക തന്നെയാണെങ്കില്‍, അതു നമ്മുടെ പ്രധാന കര്‍മ്മമായി തോന്നുന്നുവെങ്കില്‍, ജോലി ചെയ്യാനായി ജീവിക്കണമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് കമന്റില്‍ പറഞ്ഞു.

ഞാന്‍ നീതി ചെയ്യുന്നത് തൊഴിലിലൂടെയാണ്, ഇതിലും നീതി മറ്റെവിടെയിരുന്നാലും ചെയ്യാനാവില്ലെന്നും അതിനാല്‍ താന്‍ ജോലി ചെയ്യാനായി ജീവിക്കുന്നയാളാണെന്നും അനീതി ചെയ്യേണ്ടി വന്നാല്‍ ജോലി വിടുമെന്നും ഹരീഷ് തന്റെ നിലപാട് വ്യക്തമാക്കി കുറിച്ചു.

1

ഈ ജോലിയിലിരുന്ന് സാര്‍ നീതി ചെയ്യുന്നതിനാല്‍ പേടിക്കേണ്ടെന്നും ജീവിക്കാന്‍ ജോലി ചെയ്യുക, ആ ജോലി നീതിക്ക് വേണ്ടി ചെയ്യുക തുടങ്ങി അനവധി കമന്റുകളും ലൈക്കുകളും പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പേജിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവി അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം ഓര്‍മ്മിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പശ്ചാത്തലത്തിലാണ് ജേക്കബ് തോമസും ഫേസ്ബുക്ക് പേജ് തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.

തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് ഇനി സോഷ്യല്‍ മീഡിയ വഴി മറുപടി നല്‍കുമെന്ന വ്യക്തമായ മുന്നറിയിപ്പായിട്ടാണ് ഈ നടപടിയെ വിലയിരുത്തപ്പെടുന്നത്.

വിജിലന്‍സില്‍ നിന്നും തെറുപ്പിക്കപ്പെട്ട അദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചെങ്കിലും ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ ജനസുരക്ഷ മുന്‍നിര്‍ത്തി കര്‍ശക്കശമായി നടപ്പാക്കിയതിന് അവിടെനിന്നും അദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു.

പിന്നീട് തന്നേക്കാള്‍ ജൂനിയര്‍ ഉദ്യോഗസ്ഥനിരുന്ന പൊലീസ് കണ്‍സ്ട്രക്ഷന്‍ എം.ഡിയായി തരംതാഴ്ത്തി നിയമിക്കുകയും ചെയ്തു. ഇതോടെയാണ് പരസ്യപ്രതികരണവുമായി ജേക്കബ് തോമസ് രംഗത്ത് വന്നത്. ഈ നിലപാടിനെയാണ് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം ചൂണ്ടിക്കാട്ടി ഡിജിപി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ ചോദ്യം ചെയ്തിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന ജേക്കബ് തോമസിനെ ഈ രംഗത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതും ഈ നടപടിയാണ്.

ഈ മാസം 30-ന് വിന്‍സന്‍ പോള്‍ വിരമിക്കുന്നതോടെ സംസ്ഥാന പൊലീസില്‍ ഡിജിപി സെന്‍കുമാറിന് തൊട്ടുതാഴെ രണ്ടാമനായി സീനിയോറിറ്റിയുള്ള ഡിജിപി ജേക്കബ് തോമസാകും.

Top