എം.പിയുടെ പരാതിയില്‍ ആഭ്യന്തര വകുപ്പ് ഇരുട്ടില്‍ തപ്പുന്നു; സരിതയ്ക്കും പരാതിയില്ല !

തിരുവനന്തപുരം: അതീവ ഗുരുതരമായ ആരോപണങ്ങളില്‍ ഒരു എം പി തന്നെ നേരിട്ട് പരാതി നല്‍കി 48 മണിക്കൂര്‍ പിന്നിട്ടിട്ടും തുടര്‍ നടപടി സ്വീകരിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു.

സരിതയുടെ പേരില്‍ പുറത്തിറങ്ങിയ മൂന്ന് പേജുള്ള കത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നത്.

ഈ പരാതി ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി തീരുമാനിച്ചെങ്കിലും പിന്നീട് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദം കാരണം നടപടി വൈകുകയായിരുന്നു,

സരിതയെ കെ എം മാണി ലൈംഗികമായി ഉപയോഗിച്ചുവെന്ന ഗുരുതരമായ ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തേണ്ട അന്വേഷണം പൊലീസ് ആസ്ഥാനത്ത് തന്നെ നടപടിയില്ലാതെ ചുവപ്പ് നടയില്‍ കുരുങ്ങിക്കിടക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തന്നെ കാരണമാകുമെന്നാണ് സൂചന.

‘വ്യാജ കത്ത്’ നിഷേധിക്കാന്‍ സരിത നടത്തിയ പത്ര സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ ഒറിജിനല്‍ കത്തിലും ജോസ് കെ മാണി അടക്കമുള്ള ഉന്നതരുടെ പേരുകള്‍ പുറത്തായതിനാല്‍ അന്വേഷണം വൈകിപ്പിക്കാന്‍ ജോസ് കെ മാണി തന്നെ ഇടപെട്ടതായ ആക്ഷേപവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അടക്കം പേരുള്ള ഒറിജിനല്‍ കത്ത് പൊലീസിന് പിടിച്ചെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ജോസ് കെ മാണിയുടെ പരാതി അവഗണിക്കുന്നതെന്നാണ് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്.

മാണിയുടെയും മകന്റെയും ‘രക്തത്തിന് വേണ്ടി’ പടവെട്ടുന്ന മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് വീണ് കിട്ടുന്ന ആയുധമാണ് പരാതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്തര്‍ നാടകങ്ങള്‍.

‘വ്യാജ’ കത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ സരിതാ നായരും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇതും ഏറെ സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്.

സരിതയുടെ ഒറിജിനല്‍ കത്ത് പുറത്ത് വരാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ ഭരണ തലത്തില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

Top