ടാറ്റാ ബോള്‍ട്ട് ഹച്ച്ബാക്ക്

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ വിപണിയിലെത്തിയ സെസ്റ്റ് സെഡാന്റെ ഹാച്ച്ബാക്ക് പതിപ്പ് ബോള്‍ട്ടിന്റെ വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടു. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുമായി ഇവ വിപണിയിലെത്തും. മാരുതി സ്വിഫ്റ്റ്, ഫോക്‌സ് വാഗണ്‍ പോളോ, ഫിയറ്റ് പുന്തോ, ഹ്യുണ്ടായ് ഐ 20 എന്നിവയുടെ ഇടയിലേക്കാണ് ബോള്‍ട്ട് കടന്നു വരുന്നത്.

സെസ്റ്റിന്റെ രൂപകല്‍പ്പനാശൈലി അതേപടി പിന്തുടരുന്ന ചെറുകാറാണ് ബോള്‍ട്ട്. സെസ്റ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ ബോള്‍ട്ടില്‍ ഇല്ല. ബ്ലാക്ഡ് ഔട്ട് സി പില്ലര്‍ വാഹനത്തിന് ഫ്‌ലോട്ടിങ് റൂഫ് ലുക്ക് നല്‍കുന്നു.

സെസ്റ്റ് സെഡാനിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് പെട്രോള്‍ ബോള്‍ട്ടിന് കരുത്ത് പകരുന്നത്. 88.7 ബി എച്ച് പി പരമാവധി കരുത്തും 14.3 കെ ജി എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് പെട്രോള്‍ എന്‍ജിന്‍. അഞ്ചു സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എക്കോ, സിറ്റി, സ്‌പോര്‍ട് ഡ്രൈവിങ് മോഡുകളുണ്ട്.

1.3 ലിറ്റര്‍ മള്‍ട്ടിജെറ്റാണ് ഡീസല്‍ എന്‍ജിന്‍. 74 ബി എച്ച് പി പരമാവധി കരുത്തും 19.4 കെ ജി എം പരമാവധി ടോര്‍ക്കും പകരും.

എ ബി എസ്, മുന്‍ എയര്‍ബാഗുകള്‍, ഫോഗ് ലാമ്പുകള്‍, റിയര്‍ ഡീഫോഗര്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, 15 ഇഞ്ച് അലോയ് വീലുകള്‍, വിങ് മിററിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സംവിധാനം തുടങ്ങിയവയാണ് സവിശേഷതകള്‍. പലതും ഉയര്‍ന്ന വേരിയന്റില്‍ മാത്രം.

Top