ടാറ്റ മോട്ടോഴ്‌സിന്റെ സെസ്റ്റും ബോള്‍ട്ടും ശ്രീലങ്കന്‍ വിപണിയില്‍

ടാറ്റ മോട്ടോഴ്‌സില്‍ നിന്നുള്ള പുതിയ സെഡാനായ സെസ്റ്റും ഹാച്ച്ബാക്കായ ബോള്‍ട്ടും ഇനി ശ്രീലങ്കന്‍ നിരത്തുകളില്‍ ചീറിപ്പായും. നാലു വര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ആദ്യ പുതിയ മോഡല്‍ എന്ന പെരുമയോടെയായിരുന്നു സെസ്റ്റിന്റെ വരവ്.

ടാറ്റ മോട്ടോഴ്‌സ് വികസിപ്പിച്ച പുതിയ റെവോട്രോണ്‍ ശ്രേണിയിലെ 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും കോംപാക്ട് സെഡാനായ സെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പരമാവധി 88.7 ബി എച്ച് പി കരുത്തും 140 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.

ഡീസല്‍ വകഭേദത്തില്‍ ഫിയറ്റില്‍ നിന്നു കടമെടുത്ത 1.3 ലീറ്റര്‍, മള്‍ട്ടിജെറ്റ് എന്‍ജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 88.7 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്ടിക്കുക.

അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതവും ഡീസല്‍ സെസ്റ്റ് വില്‍പ്പനയ്ക്കുണ്ട്. പോരെങ്കില്‍ പരമാവധി 74 ബി എച്ച് പി കരുത്തിനായി ട്യൂണ്‍ ചെയ്ത ഡീസല്‍ എന്‍ജിനോടെയും സെസ്റ്റ് ലഭ്യമാണ്.

പെട്രോള്‍ എന്‍ജിനുള്ള സെസ്റ്റിന്റെ അടിസ്ഥാന മോഡലിന് ഡല്‍ഹി ഷോറൂമില്‍ 4.64 ലക്ഷം രൂപയാണു വില; ഡീസല്‍ വകഭേദങ്ങളുടെ വില ആരംഭിക്കുന്നത് 5.64 ലക്ഷം രൂപയിലാണ്.

പെട്രോള്‍ എന്‍ജിനുള്ള ബോള്‍ട്ടിന്റെ വിവിധ വകഭേദങ്ങള്‍ക്കാവട്ടെ 4.43 ലക്ഷം രൂപ മുതലാണു ചെന്നൈയിലെ ഷോറൂം വില; ഡീസല്‍ എന്‍ജിനുള്ള ബോള്‍ട്ടിന്റെ വില ആരംഭിക്കുന്നത് 5.52 ലക്ഷം രൂപയിലാണ്.

നിലവില്‍ നിരത്തിലുള്ള വിസ്റ്റയ്ക്കും മാന്‍സയ്ക്കും അടിത്തറയാവുന്ന എക്‌സ് വണ്‍ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പ് അടിസ്ഥാനമാക്കിയാണ് ടാറ്റ മോട്ടോഴ്‌സ് ബോള്‍ട്ടും സെഡാനായ സെസ്റ്റും സാക്ഷാത്കരിച്ചത്. സെസ്റ്റ് 2014 ഓഗസ്റ്റിലും ബോള്‍ട്ട് കഴിഞ്ഞ ജനുവരിയിലുമാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്.

Top