കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കുടുബത്തെ സഹായിക്കുന്നതിനായി പാര്‍ട്ടി വിലക്ക് ലംഘിച്ച് ഫണ്ട് പിരിവ് നടത്തിയതിന് സിപിഎം-ല്‍ നിന്ന് പുറത്താക്കപ്പെട്ട എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മറ്റി അംഗവും കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.എസ് ബിമല്‍ ഓര്‍മ്മയായി.
കുറച്ച് നാളായി അര്‍ബുദബാധയുടെ പിടിയിലായിരുന്ന ബിമല്‍ മാഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ബാലസംഘത്തില്‍ തുടങ്ങി എസ്എഫ്‌ഐയുടെ കേന്ദ്ര കമ്മറ്റി അംഗംവരെയായ ബിമല്‍ മികച്ച സംഘാടകനും പ്രാസംഗികനും കൂടിയാണ്.
വിദ്യാര്‍ത്ഥി നേതാവായിരിക്കെ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് അനവധി തവണ ബിമല്‍ വിധേയനായിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ എസ്എഫ്‌ഐ മാര്‍ച്ച് ലാത്തി ചാര്‍ജില്‍ കലാശിച്ചപ്പോള്‍ കൈ ഒടിഞ്ഞ് ഗുരുതര പരിക്കേറ്റ ബിമലിനെ പൊലീസ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വീണ്ടും മര്‍ദ്ദിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് സ്‌റ്റേഷനില്‍ കയറിയാണ് ബിമലിനെ മോചിപ്പിച്ചത്.
ഈ സംഭവം സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കേ എസ്എഫ്‌ഐയിലേക്ക് കടന്ന വന്ന ബിമല്‍ 97 മുതല്‍ 2003 വരെ എസ്എഫ്‌ഐ ജില്ലപ്രസിഡന്റ്- സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പിന്നീട് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായും ജോ.സെക്രട്ടറിയായും കേന്ദ്ര കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ച് രൂക്ഷമായ വിദ്യര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായി.
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, സെനറ്റ് അംഗം, അക്കദമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് മൊകേരി ഗവ.കോളേജ്, മടപ്പള്ളി ഗവ.കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്നും അദ്ദേഹം ബിരുദം നേടിയിട്ടുണ്ട്.
കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരനുമായി സംഘടനാപരമായും വ്യക്തിപരമായും ഏറെഅടുപ്പം പുലര്‍ത്തിയിരുന്ന ബിമല്‍ മുന്‍കൈ എടുത്താണ് ചന്ദ്രശേഖരനന്റെ കുടുംബത്തെ സഹായിക്കാനായി ഫണ്ട് പിരിവ് നടത്തിയിരുന്നത്.
മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമെല്ലാം ഇത് സംബന്ധമായ ആലോചനാ യോഗത്തില്‍ പങ്കെടുത്തത് സിപിഎം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
ഫണ്ട് പിരിവ് നടത്തിയാല്‍ നടപടിയുണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടും ചന്ദ്രശേഖരനോടുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ ബിമലും സംഘവും തീരുമാനിക്കുകയായിരുന്നു.
20 ലക്ഷത്തോളം രൂപയാണ് അന്ന് സഖാക്കളില്‍ നിന്ന് മറ്റും പിരിച്ച് പൊതുചടങ്ങില്‍ വച്ച് ചന്ദ്രശേഖരന്റെ വിധവ രമയ്ക്ക് കൈമാറിയിരുന്നത്.
ഇതോടെ വിശദീകരണം പോലും ചോദിക്കാതെ ബിമലിനെയും സുഹൃത്തുക്കളായ പാര്‍ട്ടി അംഗങ്ങളെയും സിപിഎം പുറത്താക്കുകയായിരുന്നു.
തന്റെ യൗവ്വനകാലം മുഴുവന്‍ പാര്‍ട്ടി വേണ്ടി പ്രവര്‍ത്തിച്ച്, കൊടിയ മര്‍ദനത്തിന്റെ മുറിപാടുകള്‍ മരണം വരെ കൊണ്ട് നടന്നാണ് ബിമല്‍ വിധിക്ക് മുന്‍പില്‍ ഇപ്പോള്‍ കീഴടങ്ങിയത്.
പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രയോഗിക്കപ്പെട്ടപ്പോള്‍, വെട്ടിനിരത്തപ്പെട്ട താനടക്കമുള്ള നിരവധി പ്രവര്‍ത്തകരുടെ കണ്ണുനീര്‍ അരുവിക്കരയിലെ ഓളങ്ങളില്‍ ദൃശ്യമായതറിയാതെയാണ് ഈ ധീര കമ്മ്യൂണിസ്റ്റിന്റെ മടക്കം.