തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധം പ്രമേയമായ ടിപി 51 എന്ന സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകരയില്‍ തീയറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുള്ളതായി ചിത്രത്തിന്റെ സംവിധായകന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ട സിപിഎമ്മിന്റെ ഈ നിലപാടിനോട് യോജിക്കാനാവില്ല. സിനിമ ഇറങ്ങാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡംഗം വരെ ശ്രമിച്ചതായി പരാതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെഎഫ്ഡിസിയുടെ നാലു തിയറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
നാല്‍പത് തിയറ്ററുകളില്‍ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് വടകരയിലെ തിയറ്റര്‍ ഉടമ പിന്‍വാങ്ങിയത്.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെ ചിത്രത്തിന്റെ പ്രദര്‍ശനം നീളുകയായിരുന്നു. ഒടുവില്‍ റിവൈസിങ് കമ്മിറ്റിയുടെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.