ടുണീഷ്യയിലെ ഭീകരവാദി ആക്രമണം: മരിച്ചവരില്‍ ഒന്‍പത് സമുദ്ര സഞ്ചാരികളും

ടുണീസ്: ടുണീഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാര്‍ഡോ മ്യൂസിയത്തിലുണ്ടായ ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ സമുദ്ര പര്യടനം നടത്തുന്നവര്‍. എം എസ് സി സ്‌പെന്റഡ് എന്ന കപ്പലില്‍ നാട് ചുറ്റിയിരുന്ന രണ്ട് കൊളംബിയക്കാരും രണ്ട് ഫ്രഞ്ച് പൗരന്മാരും മൂന്ന് ജപ്പാന്‍കാരും രണ്ട് സ്‌പെയിന്‍കാരുമാണ് ദുരന്തത്തില്‍ പ്പെട്ടത്. ഈ കപ്പലിലെ യാത്രികരായ 12 പേര്‍ക്ക് ആക്രണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

ഇവരുടെ കൂടെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോയ ആറ് പേര്‍ തിരിച്ചുവന്നിട്ടില്ല. ഇവരില്‍ രണ്ട് സ്‌പെയിന്‍കാരും ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ രാജ്യങ്ങളിലെ ഓരോ പൗരന്മാരുമുണ്ടെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചു. ടുണീസിലെത്തുമ്പോള്‍ 3,700 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

വ്യാഴാഴ്ച ബാഴ്‌സിലോണയിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു ഇവര്‍. ആക്രമണത്തെ തുടര്‍ന്ന് വിഭ്രാന്തിയിലായ ടൂറിസ്റ്റ് കപ്പലിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകാന്‍ മനഃശാസ്ത്ര യൂനിറ്റ് ആരംഭിച്ചതായി കപ്പല്‍ അധികൃതര്‍ അറിയിച്ചു. ബാര്‍ഡോ മ്യൂസിയത്തിലുണ്ടായ വെടിവെപ്പില്‍ 17 വിനോദ സഞ്ചാരികളടക്കം 23 പേര്‍ കൊല്ലപ്പെട്ടു. പട്ടാള വേഷത്തിലെത്തിയ തോക്കുധാരികള്‍ സന്ദര്‍ശകര്‍ക്ക് നേരെ വെടിയുതര്‍ക്കുകയായിരുന്നു.

Top