ടെന്നിസ് റാങ്കിംഗില്‍ റാഫേല്‍ നദാലിന് കനത്ത തിരിച്ചടി

പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിന്റെ റാഫേല്‍ നദാലിനു ടെന്നിസ് റാങ്കിംഗില്‍ കനത്ത തിരിച്ചടി. മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയോടു തോറ്റ നദാല്‍ മൂന്നു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി ഏഴാമതായി. 10 വര്‍ഷത്തിനിടയിലെ നദാലിന്റെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.

സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് തന്നെയാണു പുതിയ റാങ്കിംഗിലും മുന്നില്‍. മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍ നദാലിനെ 6-3, 6-2 സ്‌കോറിനു തകര്‍ത്ത മുറെ മൂന്നാം റാങ്കിലാണ്. മാഡ്രിഡില്‍ രണ്ടാം റൗണ്ടില്‍ പുറത്തായെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ രണ്ടാം റാങ്ക് നിലനിര്‍ത്തി.

മാഡ്രിഡില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ മിലോസ് റോണികും സെമിഫൈനലില്‍ തോറ്റ തോമസ് ബര്‍ഡിയച്ചും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. മാഡ്രിഡിലെ മറ്റൊരു സെമിഫൈനലിസ്റ്റായ ജപ്പാന്റെ കിചി നിഷികോരി ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറാമതായി.

Top