ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന്‍ ടെറി വാല്‍ഷ് രാജിവച്ചു. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആരംഭിക്കാന്‍ 18 ദിവസം മാത്രം ശേഷിക്കേയാണ് നടപടി. ഇന്ന് വാല്‍ഷുമായുള്ള ഹോക്കി ഇന്ത്യയുടെ കരാര്‍ അവസാനിക്കാനിരിക്കേയാണ് രാജി.ഹോക്കി ഇന്ത്യ അധികൃതരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് ഓസ്‌ട്രേലിയക്കാരനായ വാല്‍ഷ് രാജിവച്ചത്.
ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അധികാരം, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ശമ്പളത്തോടെ 120 ദിവസം അവധി തുടങ്ങിയ കാര്യങ്ങളാണ് വാല്‍ഷ് ആവശ്യപ്പെട്ടത്. പരിശീലകന്റെ ആവശ്യങ്ങള്‍ ഹോക്കി ഇന്ത്യ നിരസിച്ചതും കരാര്‍ പുതുക്കാന്‍ താത്പര്യം കാണിക്കാത്തതുമാണ് വാല്‍ഷിന്റെ പെട്ടെന്നുള്ള രാജിക്കു കാരണം. തിങ്കളാഴ്ച സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്), ഹോക്കി ഇന്ത്യ അധികൃതര്‍ വാല്‍ഷുമായി ചര്‍ച്ച നടന്നിരുന്നു. വാല്‍ഷിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി ഒരു മൂന്നംഗ സമിതിയെ സായ് നിയോഗിച്ചിരുന്നു. എന്നാല്‍ സമിതി തീരുമാനമെടുക്കുന്നതില്‍ പരാജയമാണെന്ന് വാല്‍ഷ് പ്രതികരിച്ചു.
ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടത്തിനുശേഷം കഴിഞ്ഞ മാസം 19നു വാല്‍ഷ് രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സായിയുടെ ഇടപെടലിനെത്തുടര്‍ന്ന് രാജി പിന്‍വലിച്ചിരുന്നു. 120 ദിവസത്തെ ശമ്പളാവധിക്കാലത്ത് ടീമംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെടുമെന്ന് വാല്‍ഷ് ഹോക്കി ഇന്ത്യക്ക് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഓസ്‌ട്രേലിയയ്ക്കുവേണ്ടി രണ്ട് ഒളിമ്പിക്‌സില്‍ കളിച്ചിട്ടുള്ള അറുപതുകാരനായ വാല്‍ഷ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഓസീസ് പരിശീലകന്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഭരണപരമല്ലെന്നും സാമ്പത്തികമാണെന്നും ഹോക്കി ഇന്ത്യ പ്രസിഡന്റ് നരേന്ദ്ര ബത്ര പറഞ്ഞു. വാല്‍ഷിന്റെ കാലത്ത് സാമ്പത്തിക ക്രമക്കേട് നടന്നതായും അദ്ദേഹം ആരോപിച്ചു.