ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ദേശീയ പുരുഷ ഹോക്കി ടീമിന്റെ കോച്ച് ടെറി വാല്‍ഷ് തന്റെ രാജി പിന്‍വലിച്ചു. സ്‌പോര്‍ട്‌സ് അതോറിറ്രി ഒഫ് ഇന്ത്യയുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് വാല്‍ഷ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ കായികരംഗത്തിന്റെ വളര്‍ച്ചയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണെന്നും ഇതിനോട് യോജിച്ചുപോകാന്‍ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും സ്‌പോര്‍ട്‌സ് അതോറിട്ടി ഒഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണിന് അയച്ച കത്തില്‍ വാല്‍ഷ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം തന്റെ ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കുന്നത് സംബന്ധിച്ച് വാല്‍ഷും കേന്ദ്ര കായിക വകുപ്പും തമ്മില്‍ നേരത്തേ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നികുതി കഴിച്ചുള്ള തുകയാണ് സര്‍ക്കാര്‍ വാല്‍ഷിന് നല്‍കിയിരുന്നത്. എന്നാല്‍ തനിക്ക് കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നല്‍കണമെന്ന് വാല്‍ഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുഭാവപൂര്‍ണമായ നിലപാട് ഉണ്ടാകാത്തതിനാലാണ് വാല്‍ഷ് പൊടുന്നനെ രാജിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top