ട്രിപ്പോളിയില്‍ ആഢംബര ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ ആഢംബര ഹോട്ടലായ മെഡിറ്ററേനിയന്‍ തീരത്തെ കോറിന്‍തിയയില്‍ ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് വിദേശികളും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മുഖംമൂടി ധരിച്ച അഞ്ച് അംഗ തോക്കുധാരികള്‍ റിസപ്ഷനിലേക്ക് കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരര്‍ക്ക് പിന്നാലെ സുരക്ഷാ ഗാര്‍ഡുകളും ഹോട്ടലിലേക്ക് ഇരച്ചുകയറിയെങ്കിലും ഇതിനകം തന്നെ വെടിയുതിര്‍ത്തു കഴിഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ നിരവധി വിദേശികളെ പാര്‍ക്കിങ് ഏരിയയില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം അവിടെ ഒരു കാര്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. തുടര്‍ന്ന് ഹോട്ടലും പരിസരവും സൈന്യം വളയുകയായിരുന്നു. ഭീകരയെല്ലാം വധിച്ചുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, സൈന്യത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന പ്രധാനമന്ത്രി ഒമര്‍ ഹല്‍ഹസിയെ ലക്ഷ്യമിട്ടാണോ ഭീകരര്‍ എത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഹസിയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണ കോറിന്‍തിയ ഹോട്ടലിലാണ് തങ്ങാറുള്ളത്.

Top