ഡര്‍ബന്‍ ട്വന്റി20: ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം

ഡര്‍ബന്‍: വെസ്‌റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 69 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗില്‍ വീന്‍ഡീസ് 19 ഓവറില്‍ 126 റണ്‍സില്‍ ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ ഡേവിഡ് വീസാണ് വിന്‍ഡീസ് ഇന്നിംഗ്‌സിന് അന്തകനായത്. പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച വിന്‍ഡീസ് പരമ്പര 21 ന് സ്വന്തമാക്കി. സെഞ്ചുറി നേടിയ ഓപ്പണര്‍ മോണെ വാന്‍ വൈകിന്റെ(70 പന്തില്‍ 114) വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റീസ ഹെന്‍ഡ്രിക്‌സ്(42), ഡേവിഡ് വീസ്(21) എന്നിവരും മികച്ച് ബാറ്റിംഗ് കാഴ്ചവച്ചു. വീന്‍ഡീസിനായി ഷെല്‍ട്ടണ്‍ കോട്ട്രെല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിനായി ഓപ്പണര്‍ ലെന്‍ഡില്‍ സിമ്മണ്‍സ്(31 പന്തില്‍ 49), കിറോണ്‍ പൊള്ളാര്‍ഡ്(20 നോട്ടൌട്ട്) എന്നിവര്‍ക്കൊഴികെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല.

Top