ഡല്‍ഹിയിലെ രാഷ്ട്രീയ പരീക്ഷണത്തില്‍ പരാജയപ്പെട്ടെന്ന് തുറന്നടിച്ച്‌ കിരണ്‍ബേദി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പരീക്ഷണത്തില്‍ താന്‍ പരാജയപ്പെട്ടെന്ന് തുറന്ന കത്തിലൂടെ വ്യക്തമാക്കി കിരണ്‍ ബേദി. തന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ട ബിജെപി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ശേഷമുള്ള തുറന്ന പ്രതികരണമാണ് കിരണ്‍ബേദി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

തന്റെ മുഴുവന്‍ കഴിവും അനുഭവവും പ്രയോജനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍, തിരഞ്ഞെടുപ്പ് ജയിക്കാന്‍ അത് മതിയായിരുന്നില്ല. പരാജയത്തിന്റ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി കിരണ്‍ബേദി വ്യക്തമാക്കി. താന്‍ പരമാവധി പ്രയത്‌നിച്ചെന്നും പരാജയം ബിജെപിയുടെതാണെന്ന തരത്തിലുമായിരുന്നു തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷമുള്ള അവരുടെ ആദ്യത്തെ പ്രതികരണം.

അധികാരത്തിനു വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ അല്ല താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. കഴിഞ്ഞ 40 വര്‍ഷമായി താന്‍ ജീവിച്ച നഗരത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം. ഇക്കാലയളവില്‍ അഴിമതിയും അക്രമവും അടക്കം നിരവധി പ്രശ്‌നങ്ങളെയാണ് ഡല്‍ഹി അഭിമുഖീകരിച്ചത്. ഇതിനെതിരെ ചിലതൊക്കെ തനിച്ച് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് വിശ്വാസ്യതയും ഉത്തരവാദിത്വവുമുള്ള സമീപനമാണെന്നും ബേദി കത്തില്‍ പറയുന്നു.

എ എ പിക്കെതിരെ വിമര്‍ശമുന്നയിക്കുകയും ചെയ്യുന്നുണ്ട് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന കത്തില്‍. കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ കിരണ്‍ ബേദി 2,277 വോട്ടുകള്‍ക്ക് എ എ പിയിലെ എസ് കെ ബഗ്ഗയോടാണ് പരാജയപ്പെട്ടത്.

Top