ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഫെബ്രുവരി ഏഴിന് തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: മാസങ്ങളായി ഭരണ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിന് തിരഞ്ഞെടുപ്പ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം പറഞ്ഞു. നിഷേധ വോട്ട് സംവിധാനവും തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജ്ഞാപനം ഈ മാസം 14 ന് ഇറങ്ങും. ജനുവരി 21നാണ് നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24 വരെ പത്രിക പിന്‍വലിക്കാം. ഫെബ്രുവരി പത്തിനാണ് വോട്ടെണ്ണല്‍.

കഴിഞ്ഞ നവംബറിലാണ് ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടത്. തുടര്‍ന്ന് 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മാത്രമല്ല മുഖ്യമന്ത്രിയായി ചുമതലയേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ 49 ദിവസം നീണ്ട ഭരണത്തിന് അവസാനം കുറിച്ചു. ഇതോടെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

70 അംഗ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് 31 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റും കോണ്‍ഗ്രസിന് എട്ട് സീറ്റുമാണ് നിലവിലുള്ളത്. മറ്റു കക്ഷികള്‍ക്ക് മൂന്നു സീറ്റ്.

Top