ഡല്‍ഹിയില്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ബിജെപിയുടെ വികസന വീക്ഷണ രേഖ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി വികസന വീക്ഷണ രേഖ പുറത്തിറക്കി. ഡല്‍ഹിയെ ലോകോത്തര നിലവാരമുള്ള സിറ്റിയാക്കി മാറ്റുമെന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് കിരണ്‍ ബേദി മുന്നോട്ട് വെയ്ക്കുന്നത്.

ഡല്‍ഹിയുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കും, ബിസിനസ് രംഗത്ത് മികച്ച നേട്ടം കൈവരിക്കും, വൃത്തിയുള്ളതും ഹരിതാഭമായതുമായ സിറ്റിയാക്കും, മറ്റു സംസ്ഥാനങ്ങളിലെ മികച്ച പദ്ധതികള്‍ മാതൃകയാക്കും, ഓരോ മാസത്തിലെയും സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് റേഡിയോ പ്രസംഗത്തിലൂടെ ജനങ്ങളെ അറിയിക്കാന്‍ ദില്‍ കി ബാത് എന്ന പേരില്‍ പ്രതിമാസ റേഡിയോ പ്രഭാഷണം നടത്തും. തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്.

അഴിമതിമുക്ത ഭരണവും വാഗ്ദാനം ചെയ്യുന്നുണ്ട്. 24 മണിക്കൂറും വെള്ളവും വൈദ്യുതിയും ഉറപ്പാക്കും. കോടികളുടെ നിക്ഷേപം ഡല്‍ഹിയിലേക്ക് ആകര്‍ഷിക്കും. ഇതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. കേന്ദ്രസര്‍ക്കാരുമായി പൂര്‍ണമായും സഹകരിച്ച് ഡല്‍ഹിയില്‍ മികച്ച ഭരണം കാഴ്ച വെയ്ക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്നും രേഖയില്‍ പറയുന്നു.

എല്ലാ വകുപ്പുകളുമായും മന്ത്രമാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെടും. വിദഗ്‌ധോപദേശ സമിതികള്‍ രൂപീകരിക്കും. സ്ത്രീ സുരക്ഷയാണ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന മറ്റൊരു മേഖല.

ഡല്‍ഹിയുടെ വികസനത്തിന് വേണ്ടിയുള്ള 270 നിര്‍ദ്ദേശങ്ങളാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പറഞ്ഞു.

Top