ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ തെരഞ്ഞെടുപ്പിന് ലഫ്.ഗവര്‍ണര്‍ നല്‍കിയ ശിപാര്‍ശയില്‍ ഇന്നു ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കും. നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് സൂചന. ഇതോടെ ഫെബ്രുവരിയില്‍ ഡല്‍ഹി പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കും. നിയമസഭ പിരിച്ചുവിട്ടാല്‍ ആറു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടക്കണമെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനും നടപടികള്‍ ഊര്‍ജിതമാക്കിയേക്കും. ഇന്നലെ ലഫ്.ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത കക്ഷിയോഗത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം നിയമസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ നല്‍കിയത്.
എട്ടുമാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഉടന്‍ അവസാനിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ഗവര്‍ണര്‍ പാര്‍ട്ടികളുടെ അഭിപ്രായം തേടിയത്. നിയമസഭയിലേക്ക് 31 പേരെ ജയിപ്പിച്ച ബി.ജെ.പിക്ക് ഭൂരിപക്ഷത്തിനുവേണ്ട 36 പേരുടെ പിന്തുണ ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെയോ എ.എ.പി.യുടെയോ പിന്തുണ വേണം. വളഞ്ഞവഴിയിലൂടെ സര്‍ക്കാറുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് ബി.ജെ.പി. ഗവര്‍ണറെ അറിയിച്ചത്.
ഡല്‍ഹിയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ക്ക് താല്‍പര്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലുണ്ടാക്കിയ മുന്നേറ്റവും തുടര്‍ന്നുള്ള നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കരുത്താര്‍ജിച്ചതും ഇതിന് അവരെ പ്രേരിപ്പിക്കുന്നുണ്ട്. വേണ്ടത്ര ഭൂരിപക്ഷമില്ലാതെ സര്‍ക്കാരുണ്ടാക്കാനുള്ള സാഹസം വേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. എഎപിയും കോണ്‍ഗ്രസും നേരത്തെ മുതല്‍ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നുണ്ട്.