അരവിന്ദ്‌ കെജ്‌രിവാള്‍ കേരളം സന്ദര്‍ശിക്കും; വി.എസുമായി കൂടിക്കാഴ്ച നടത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ കേരള സന്ദര്‍ശനത്തിനൊരുങ്ങുന്നതായി സൂചന. സിപിഎം സ്ഥാപക നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിലപാട് വ്യക്തമായ ശേഷം ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകുമെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.

ഡല്‍ഹിയില്‍ ആദ്യമായി കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ അനുമോദിച്ച് കത്തയച്ച വി.എസിനെ ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയായ പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും വി.എസ് ക്ഷണം നിരസിക്കുകയായിരുന്നു.

സിപിഎം സംസ്ഥാന നേതൃത്വം വി.എസിനെതിരെ പ്രമേയം പാസാക്കിയ നിലവിലെ അസാധാരണ സാഹചര്യത്തില്‍ വി.എസ് മുന്‍നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍. സിപിഎമ്മിനോട് വിടപറയാന്‍ വി.എസ് തയ്യാറായാല്‍ എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന് പിന്‍തുണ നല്‍കണമെന്ന് സംസ്ഥാന ഘടകത്തോട് ആം ആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

വി.എസിന്റെ നിലപാട് അനുകൂലമാണെങ്കില്‍ കെജ്‌രിവാളും പ്രശാന്ത് ഭൂഷണും കേരളത്തിലെത്തി ചര്‍ച്ച നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവിന്റെ പിന്‍ബലമുണ്ടെങ്കില്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും ആം ആദ്മി പാര്‍ട്ടിക്കുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും ഒറ്റക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെങ്കിലും ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആ നീക്കം പാളിയതിനാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും പാര്‍ട്ടികളെയും മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന് ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ തയ്യാറാകുമെന്നാണ് സൂചന.

യുഡിഎഫിലെ നിലവിലെ ഘടകക്ഷികളായ ആര്‍എസ്പി, വീരേന്ദ്രകുമാറിന്റെ ജനതാ പരിവാര്‍, തുടങ്ങിയ അഴിമതി രഹിത പ്രതിച്ഛായയുള്ള പാര്‍ട്ടികള്‍ അത്തരമൊരു സാഹചര്യത്തില്‍ മൂന്നാം ‘ബദലില്‍’അണിചേരാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

അതേസമയം വി.എസ് സിപിഎം വിട്ട് ബദല്‍ സംവിധാനം ഒരുക്കുകയാണെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ട് ‘മാറ്റത്തിനോപ്പം’നില്‍ക്കണമെന്ന വികാരം സിപിഐയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ശക്തമാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇറങ്ങിപ്പോയി സിപിഎം രൂപീകരണത്തിന് നേതൃത്വം നല്‍കിയ വി.എസ് തറവാട്ടിലേക്ക് തിരിച്ചുവരണമെന്നതാണ് ഇവരുടെ ആഗ്രഹം.

സിപിഎമ്മിലെ സംഭവ വികാസങ്ങള്‍ ചരിത്രത്തിലാദ്യമായി സിപിഐ സമ്മേളനത്തിന്റെ ‘പ്രസക്തി’യാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 28-ലെ സെമിനാറില്‍ നിലവിലെ രാഷ്ട്രീയ ‘മൗനത്തിന് ‘ വി.എസ് വിരാമമിടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്.

സിപിഎം നേതാക്കള്‍ക്കുള്ള മറുപടി സിപിഐ സമ്മേളനത്തിന്റെ സെമിനാറില്‍ വി.എസ് നല്‍കുകയാണെങ്കില്‍ അത് പുതിയ ചരിത്രത്തിന് തുടക്കമാകും.

Top