ഡല്‍ഹി സ്‌കൂള്‍ ആക്രമണം:ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിനായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ് ബസ്സിയെ പ്രധാനമന്ത്രി വളിച്ചുവരുത്തി.

ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനു നേരേ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. പ്രിന്‍സിപ്പലിന്റെ ഓഫീസ് കുത്തിത്തുറന്നു അകത്തുകയറിയ അക്രമികള്‍ സാധനങ്ങള്‍ വലിച്ചുവാരിയെറിയുകയും 8000 രൂപ അപഹരിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ദേവാലയങ്ങള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആറാമത്തെ സംഭവമാണിത്. രാത്രി ഒരുമണിക്കുശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലെ സിസിടിവി കാമറകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമാണ് അക്രമികള്‍ അകത്തു കടന്നതെന്നു സംശയിക്കുന്നു. പ്രിന്‍സിപ്പലിന്റെ ഓഫീസിനൊപ്പം സ്‌കൂളിന്റെ ഓഡിറ്റോറിയവും കുത്തിത്തുറന്ന നിലയിലാണ്. കവര്‍ച്ചയുടെ ഭാഗമായാണ് ആക്രമണമെന്ന് കരുതുന്നതായി സ്‌കൂള്‍ പ്രന്‍സിപ്പല്‍ സി. ലൂസി വ്യക്തമാക്കി.

Top