ഡിഎന്‍എ പരാമര്‍ശം; മോഡിക്ക് നിതീഷ് കുമാറിന്റെ തുറന്ന കത്ത്

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഡി.എന്‍.എയ്ക്ക് കുഴപ്പമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശത്തിലുള്ള നിരാശ പ്രകടിപ്പിച്ച് നിതീഷ് മോദിക്ക് തുറന്ന കത്തെഴുതി. ബീഹാറിലെ ഒരു റാലിയില്‍ വച്ച് മോദി നടത്തിയ പരാമര്‍ശം ഇവിടെയുള്ള നൂറ് കണക്കിന് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മോദി തന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദി നടത്തിയ പരാമര്‍ശം സംസ്ഥാനത്തിന് മുഴുവന്‍ അപമാനമാണ്. താന്‍ ബീഹാറിന്റെ പുത്രനാണെന്നും അതിനാല്‍ ഇവിടെയുള്ള ജനങ്ങളുടെ അതേ ഡി.എന്‍.എയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ഛന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയും അമ്മ സാധാരണ വീട്ടമ്മയും ആയിരുന്നു. ബീഹാറിലെ ഒരു ഗ്രാമത്തിലുള്ള വീട്ടിലാണ് താന്‍ ജനിച്ച് വളര്‍ന്നത്. തന്റെ 40 വര്‍ഷത്തെ പൊതു പ്രവര്‍ത്തന ജീവിതത്തില്‍ ഗാന്ധിജിയുടേയും ലോഹ്യയുടേയും ജി.പിയുടേയും ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടായാണ് താന്‍ പ്രവര്‍ത്തിച്ചത്.

ഇത്തരം പരാമര്‍ശത്തിലൂടെ ഇവിടുത്തെ ജനങ്ങളുടെ വംശപാരന്പര്യത്തോട് താങ്കള്‍ അനാദരവ് കാണിക്കുകയും സംസ്ഥാനത്തിന്റെ മഹത്തായ പാരന്പര്യത്തെ കരിതേച്ചുകാണിക്കുകയുമാണ് ചെയ്തത്. ഇതോടെ താങ്കളും താങ്കളുടെ പാര്‍ട്ടിയും ബീഹാറിലെ ജനങ്ങള്‍ക്കെതിരെ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്ന് ഉറപ്പായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വാക്കുകളെ സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളും അധിക്ഷേപിച്ചതായാണ് കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്ന വാക്കുകളല്ല അതെന്നാണ് തങ്ങളില്‍ പലര്‍ക്കും തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ മോദിയിലുള്ള വിശ്വാസം അര്‍പ്പിച്ചാണ് ബീഹാറിലെ ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ബി.ജെ.പി അംഗം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുന്പ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്. ബീഹാറിന്റെ ഡി.എന്‍.എയില്‍ ജാതീയത ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എ നടത്തുന്ന കാന്പയിനിന്റെ ഭാഗമായി മുസാഫര്‍പൂരിലെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കവെയാണ് മുന്‍ സഖ്യ കക്ഷിയും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ മോദി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ നിതീഷ് പിന്നില്‍ നിന്നും കുത്തിയെന്നും അദ്ദേഹത്തിന്റെ ഡി.എന്‍.എയില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്നും മോദി ആരോപിച്ചു. ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കുന്നത് വഴി സംസ്ഥാനത്തെ ‘ജങ്കിള്‍ രാജി’ലേക്ക് വലിച്ചിഴയ്ക്കാനാണ് നിതീഷ് ശ്രമിക്കുന്നതെന്നും വീണ്ടും വിശ്വസിക്കാനാകാത്ത ഇത്തരക്കാരെ ഒഴിവാക്കണമെന്നും മോദി വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

Top