തിരുവനന്തപുരം: ഡി.ഐ.ജി വേഷത്തില്‍ പ്രമുഖ വാര്‍ത്താ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട എറണാകുളം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാരിന്റെ താക്കീത്.
തങ്ങളുടെ മോഹ വേഷത്തെക്കുറിച്ച് പ്രമുഖ മാധ്യമവുമായി പങ്കുവച്ച ഇന്റര്‍വ്യൂ ആണ് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിനും ഭാര്യയും തൃശൂര്‍ കമ്മീഷണറുമായ നിശാന്തിനിക്കും പുലിവാലായത്.
പുതുവര്‍ഷത്തോടനുബന്ധിച്ച് ഡി.ഐ.ജി വേഷത്തില്‍ രാജമാണിക്യവും ഒരു തമിഴ് വീട്ടമ്മയായി നിശാന്തിനിയുമാണ് ചട്ടങ്ങള്‍ മറികടന്ന് മാധ്യമ ഫോട്ടോഗ്രാഫര്‍ക്ക് മുന്‍പ് പോസ് ചെയ്തത്.
സംഭവം പുറത്തായതോടെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിവാദ ഫോട്ടോ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു.
രാജമാണിക്യത്തിന്റെ ഡി.ഐ.ജി വേഷം ഐപിഎസുകാരെ ചൊടിപ്പിച്ചത് Expresskerala-യും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉത്തരവാദിത്തപ്പെട്ട ഐ.എ.എസ് -ഐ.പി.എസ് ദമ്പതികള്‍ സ്വന്തം പദവി മറന്ന് പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം നാടകങ്ങള്‍ കളിക്കരുതെന്ന വികാരമാണ് സേനക്കുള്ളിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും ഉയര്‍ന്നിരുന്നത്. ഇതോടെയാണ് സര്‍ക്കാരിന് രേഖാ മൂലമുള്ള പരാതി ലഭിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആഭ്യന്തര സെക്രട്ടറി, രാജമാണിക്യം ഡി.ഐ.ജി വേഷം ധിരച്ച് പ്രത്യക്ഷപ്പെട്ടത് തെറ്റാണെന്ന് കണ്ട് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സര്‍ക്കാര്‍ താക്കീത് ചെയ്തത്.
ഭര്‍ത്താവിന് പൊലീസ് യൂണിഫോം സംഘടിപ്പിച്ച് കൊടുത്ത നിശാന്തിനിയെ പക്ഷെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെറുതെ വിട്ടു.
സുരേഷ്ഗോപി മാതൃകയില്‍ സിറ്റിയില്‍ മിന്നല്‍’പിണരായി ‘പ്രവര്‍ത്തിക്കുന്ന കളക്ടര്‍ രാജമാണിക്യത്തിന്റെ കുട്ടിക്കാലം മുതലുള്ള മോഹം ഐ.പി.എസ് ഓഫീസറാവുക എന്നായിരുന്നുവെങ്കിലും ജീവിത സാഹചര്യം അദ്ദേഹത്തെ ഐ.എ.എസ് ചട്ടക്കൂട്ടില്‍ ഒതുക്കുകയായിരുന്നു.
പൊലീസ് യൂണിഫോമിനോടുള്ള രാജമാണിക്യത്തിന്റെ പ്രണയം ഐ.പി.എസുകാരിയായ നിശാന്തിനിയെ ജീവിതസഖിയാക്കുന്നതിലാണ് വഴിയൊരുക്കിയത്. നേരത്തെ ഇടുക്കി കളക്ടര്‍ ആയിരുന്നപ്പോഴും കൂട്ടിന് തൊട്ടടുത്ത് തൊടുപുഴയില്‍ എ.എസ്.പിയായി നിശാന്തിനിയുമുണ്ടായിരുന്നു.
ഇവരുടെ സൗകര്യം കൂടി പരിഗണിച്ച് രണ്ട് പേര്‍ക്കും എറണാകുളത്താണ് ആദ്യം നിയമനം നല്‍കിയിരുന്നതെങ്കിലും പിന്നീട് നിശാന്തിനിയുടെ അപേക്ഷ മാനിച്ച് അവരെ തൃശൂര്‍ ജില്ലാ പൊലീസ് കമ്മീഷണറായി നിയമിക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമെല്ലാം കൊള്ളാമെങ്കിലും പൊലീസ് യൂണിഫോം തൊട്ട് കളക്ടര്‍ കളിച്ചത് ശരിയായില്ലെന്ന നിലപാട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുമുണ്ട്.
അതേസമയം തനിക്ക് എതിരെയുള്ള താക്കീത് പിന്‍വലിച്ച് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ച് രാജമാണിക്യം ഇപ്പോള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.