ഡിസ്‌ക് ബ്രേക്കുള്ള യമഹ സല്യൂട്ടോ വിപണിയിലെത്തി

യമഹയുടെ 125 സിസി ബൈക്കായ സല്യൂട്ടോയുടെ ഡിസ്‌ക് ബ്രേക്ക് വകഭേദം വിപണിയിലെത്തി. സാധാരണ മോഡലിനെക്കാള്‍ 2,500 രൂപയോളം അധികമാണ് ഇതിനു വില. ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 54,500 രൂപ.

ഹോണ്ട ഷൈനുമായി മത്സരിക്കുന്ന ബൈക്കിന്റെ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് 8.2 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 10.1 എന്‍എം. നാല് സ്പീഡാണ്
ഗീയര്‍ബോക്‌സ്. 125 സിസി വിഭാഗത്തിലെ ഏറ്റവും ഭാരക്കുറവുള്ള മോഡലാണ്. 113 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 78 കിമീ/ ലീറ്റര്‍ ആണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന മൈലേജ്. പച്ച , കറുപ്പ് , ചുവപ്പ് , വെളുപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും.

ഇന്ത്യയിലെ ടൂവീലര്‍ വിപണില്‍ 68 ശതമാനം ഓഹരിയാണ് മോട്ടോര്‍സൈക്കിളുകള്‍ക്കുള്ളത്. പ്രതിവര്‍ഷം 1.10 കോടിയാണ് ബൈക്കുകളുടെ വില്‍പ്പന. ഇതില്‍ 83 ശതമാനം കയ്യാളുന്നത് 100-125 സിസി ബൈക്കുകളാണ്. മികച്ച മൈലേജുള്ള സല്യൂട്ടോയിലൂടെ ഈ വിഭാഗത്തില്‍ നേട്ടം കൊയ്യാമെന്നാണ് യമഹ മോട്ടോര്‍ ഇന്ത്യയുടെ പ്രതീക്ഷ.

Top