പാരീസ്: റോജര്‍ ഫെഡററുടെ മികവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ആദ്യ ഡേവിസ് കപ്പ്. ഫൈനലില്‍ ഫ്രാന്‍സിനെ 3-1നു പരാജയപ്പെടുത്തിയാണ് ഫെഡറര്‍, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവര്‍ അണിനിരന്ന സ്വിസ് ടീം ചരിത്രത്തിലാദ്യമായി ഡേവിസ് കപ്പില്‍ മുത്തമിട്ടത്. 1992ല്‍ ഡേവിസ് കപ്പ് ഫൈനലിലെത്തിയെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിന് കപ്പുയര്‍ത്താനായിരുന്നില്ല.
ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌കെറ്റിനെ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളില്‍ 6-4, 6-2, 6-2നു മറികടന്നാണ് ഫെഡറര്‍ ആദ്യ ഡേവിസ് കപ്പില്‍ മുത്തമിട്ടത്.
ഡബിള്‍സില്‍ ഫെഡറര്‍-സ്റ്റാനിസ്ലാസ് വാവ്‌റിങ്ക സഖ്യം ജൂലിയന്‍ ബെനേറ്റ്-റിച്ചാര്‍ഡ് ഗാസ്‌കെ കൂട്ടുകെട്ടിനെ 6-3, 7-5, 6-4ന് തോല്‍പ്പിച്ച് ലീഡ് നേടിയിരുന്നു. ആദ്യ സിംഗിള്‍സില്‍ ഫെഡററെ ഗെയ്ല്‍ മോണ്‍ഫില്‍സ് പരാജയപ്പെടുത്തിയിരുന്നു.