ഡ്യുകാറ്റി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു; സ്വന്തം ഉപസ്ഥാപനവുമായി

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യുകാറ്റി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചത്തുന്നു. വരവില്‍ സ്വന്തം ഉപസ്ഥാപനം രൂപീകരിച്ചാവും ഡ്യുകാറ്റി ഇന്ത്യന്‍ വിപണിയിലെ ബൈക്ക് വില്‍പ്പനയും വില്‍പ്പനാന്തര സേവനവും നിര്‍വഹിക്കുക.

അംഗീകൃത ഇറക്കുമതിക്കാരായ പ്രിസിഷന്‍ മോട്ടോര്‍ ഇന്ത്യയുമായുള്ള പങ്കാളിത്തത്തില്‍ 2009ലാണ് ഡ്യുകാറ്റി ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. സൂപ്പര്‍ ബൈക്കുകളുടെ വില്‍പ്പനയും വില്‍പ്പനാന്തര സേവനവും ഡ്യുകാറ്റി നേരിട്ടു നടത്തുന്നതോടെ പ്രിസിഷന്‍ മോട്ടോര്‍ വിതരണക്കാരായി തുടരുമെന്നാണു സൂചന.

ഉപസ്ഥാപനമായ ഡ്യുകാറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുംബൈയിലും ഡല്‍ഹിയിലും ഗുഡ്ഗാവിലും പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്നിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലും പുതിയ ഡീലര്‍ഷിപ് പ്രവര്‍ത്തനം ആരംഭിക്കുമെന്നു ഡ്യുകാറ്റി ഇന്ത്യ അറിയിച്ചു.

സ്വന്തം ഉപസ്ഥാപനവുമായി തിരിച്ചെത്തിയതോടെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനും ഡ്യുകാറ്റിക്കു പദ്ധതിയുണ്ട്. നിലവില്‍ പുതിയ ഡീലര്‍മാരെ കണ്ടെത്താനും സാങ്കേതിക വിഭാഗത്തിലടക്കം ആവശ്യമായ ജീവനക്കാരെ പരിശീലിപ്പിക്കാനുമുള്ള നടപടികളാണു പുരോഗമിക്കുന്നത്.

ഡ്യുകാറ്റി ശ്രേണിയിലെ പ്രമുഖ മോഡലുകളായ ‘ഡയാവെല്‍, ‘ഹൈപ്പര്‍മോടാര്‍ഡ്, ‘മോണ്‍സ്റ്റര്‍, ‘സൂപ്പര്‍ ബൈക്ക് തുടങ്ങിയ ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി.

Top