കഴിഞ്ഞ ഏതാനും വർഷങ്ങളായി പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രശ്നം അവരുടെ സാമ്പത്തിക പ്രതിസന്ധിയാണ്. ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്ത പാക്കിസ്ഥാന്റെ നെഞ്ച് തകർക്കുന്നതാണ്. ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ടാറ്റയുടെ മൊത്തം വിപണി മൂല്യത്തിന്റെ അത്ര പോലുമില്ല പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടാറ്റയുടെ വിപണി മൂല്യം 365 ബില്യൺ ഡോളർ അഥവാ 30.3 ലക്ഷം കോടിയിൽ എത്തിയിരുന്നു, അതേസമയം ഐഎംഎഫിന്റെ വിലയിരുത്തൽ പ്രകാരം പാകിസ്ഥാന്റെ മൊത്തം ജിഡിപി ഏകദേശം 341 ബില്യൺ ഡോളർ അഥവാ 28 ലക്ഷം കോടി രൂപ മാത്രമാണ്. അതായത്, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ വിപണി മൂല്യം പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം വരും. 15 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് ടിസിഎസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8 ടാറ്റ കമ്പനികളുടെ സമ്പത്ത് ഇരട്ടിയിലധികമായി.
ടാറ്റ ഗ്രൂപ്പിന്റെ 25 കമ്പനികളെങ്കിലും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ ടാറ്റ കെമിക്കൽസ് കമ്പനി മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നെഗറ്റീവ് റിട്ടേൺ നൽകിയത്. ഇത് ഒഴികെ, എല്ലാ ടാറ്റ കമ്പനികളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് മികച്ച നേട്ടമാണ് നൽകിയത്. ഇതുകൂടാതെ, ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളായ ടാറ്റ സൺസ്, ടാറ്റ ക്യാപിറ്റൽ, ടാറ്റ പ്ലേ, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എയർ ഇന്ത്യ, വിസ്താര തുടങ്ങി ഏഴ് കമ്പനികളുടെയും വിപണി മൂലധനം 160 മുതൽ 170 ബില്യൺ ഡോളറിലെത്തി.
ടാറ്റ ക്യാപിറ്റൽ കമ്പനിയുടെ ഐപിഎയും അടുത്ത വർഷം വരാൻ പോകുന്നു. ഈ ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയുടെ വിപണി മൂല്യം 2.7 ലക്ഷം കോടി രൂപയാണ്. ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ പ്ലേ കമ്പനിക്ക് ഐപിഒയ്ക്കുള്ള സെബിയുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്.