‘തട്ടിപ്പ് ‘ ആരോപണം ഉന്നയിച്ച് തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഐ.ജി രംഗത്ത്

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളെ താറടിച്ച് വീണ്ടും ഐ.ജി ശ്രീജിത്ത് രംഗത്ത്.

അന്യസംസ്ഥാനങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ആശ്രയവും അഭയവും നല്‍കിയ മുക്കം ഓര്‍ഫനേജിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദ നായകനായ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി ശ്രീജിത്ത് വീണ്ടും അതേ നിലപാടുമായാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

സര്‍ക്കാര്‍ അറിയാതെ കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്താണെന്നും അനാഥാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ എവിടെപോകുന്നുവെന്ന് അറിയില്ലെന്നുമാണ് യത്തീംഖാന ഭാരവാഹകളുടെ യോഗത്തില്‍ ശ്രീജിത്ത് തുറന്നടിച്ചത്.

പട്ടിണിമൂലം ജീവിതം വഴിമുട്ടിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രക്ഷിതാക്കള്‍, മക്കളെങ്കിലും പട്ടിണി കൂടാതെ നല്ല നിലവാരത്തില്‍ ജീവിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് മുക്കം അനാഥാലയം ഉള്‍പ്പെടെയുള്ള കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ അയക്കുന്നതെന്നിരിക്കെ, വര്‍ഗ്ഗീയ കണ്ണിലൂടെ മാത്രം കാര്യങ്ങള്‍ വീക്ഷിച്ചാണ് ശ്രീജിത്ത് മുതലെടുപ്പ് നടത്തുന്നതെന്നാണ് ഉയര്‍ന്ന് വരുന്ന ആരോപണം.

മുക്കം ഉള്‍പ്പെടെയുള്ള അനാഥാലയങ്ങളില്‍ പഠിച്ച നിരവധിപേര്‍ ഐഎഎസ് ഉള്‍പ്പെടെയുള്ള ബിരുദങ്ങള്‍ സമ്പാദിച്ച് നല്ല നിലയില്‍ വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിന്റെ പരാമര്‍ശം.

മനുഷ്യക്കടത്ത് സംബന്ധമായി നേരത്തെ ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനും തനിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ‘മുക്തി’ നേടുന്നതിനും വേണ്ടി മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി ‘കളിക്കുകയാണെന്ന’ വികാരം പൊലീസ് ഉദ്യോഗസ്ഥരിലും ശക്തമാണ്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ‘വാതുറന്ന് ‘ ഒരു പൊലീസ് ഓഫീസറുടെ ധാര്‍മ്മികത കളഞ്ഞ് കുളിക്കുന്ന ശ്രീജിത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല സര്‍ക്കാരിന് തന്നെ ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്.

വിദേശത്ത് നിന്ന് ലഭിക്കുന്ന കോടികള്‍ മറച്ച് വച്ച് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ വലിയ വിഭാഗം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് കൈപ്പറ്റുന്നുവെന്നാണ് ശ്രീജിത്തിന്റെ മറ്റൊരു ആരോപണം.

ന്യൂനപക്ഷ അനാഥാലയങ്ങള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ പോലും കണ്ടില്ലെന്ന് നടിച്ച് പൊതു സമൂഹത്തിനിടയില്‍ ഒരു പ്രത്യേക സമുദായത്തെ കരിവാരി തേക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി നിലവില്‍ രണ്ട് തട്ടിപ്പ് കേസുകളിലെ പ്രതിയാണെന്ന യാഥാര്‍ത്ഥ്യം മറച്ച് വച്ചാണ് നല്ല’പിള്ള’ ചമയാന്‍ ശ്രമിക്കുന്നത്.

തൃശൂര്‍ വിജിലന്‍സ് കോടതിയിലെ എഫ്‌ഐആര്‍ നം. 6/2010 കേസിലും എറണാകുളത്തെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ സി.സി നം.695/ 2008 കേസിലുമാണ് ശ്രീജിത്ത് നിലവില്‍ പ്രതിയായിട്ടുള്ളത്. രണ്ട് കേസും വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.

നിയമ വിരുദ്ധ പ്രവര്‍ത്തി നടത്തിയതിന് നേരത്തെ സര്‍വ്വീസില്‍ നിന്നും ശ്രീജിത്ത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. തട്ടിപ്പ് കേസിലെ പ്രതിയായ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജിയാണ് ഇപ്പോള്‍ അനാഥാലയങ്ങള്‍ക്കെതിരെ തട്ടിപ്പ് ആക്ഷേപം ഉന്നയിക്കുന്നതെന്നതാണ് വിരോധാഭാസം.

Top