തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം കൈക്കലാക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ എടുക്കേണ്ടത് കമ്മീഷനാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാസ്ത്രീയമായ പരിശോധനകള്‍ നടത്താതെയാണ് സര്‍ക്കാര്‍ പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചത്. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ മുന്നോട്ട് പോയതിലുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ ഭരണഘടന വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ഒക്‌ടോബറില്‍ നടക്കേണ്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കൃത്രിമ മാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൃത്യസമയത്തു തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭരണാധികാരികളാകുന്ന സ്ഥിതിയുണ്ടാകും. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധവുമായി സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തിറങ്ങുമെന്നും കോടതി പറഞ്ഞു.

മുസ്‌ലിം ലീഗിനു ചില പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഭരണം ലഭിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത്. ലീഗിന് എങ്ങനെയും അധികാരം പിടിച്ചുകൊടുക്കാനാണ് ശ്രമം. ഇതു ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top