തിരുവനന്തപുരം: എസ്എന്‍ഡിപി-ബിജെപി വിഭാഗങ്ങള്‍ക്ക് ശക്തിയുള്ള മേഖലയില്‍ ശാശ്വതീകാനന്ദയുടെ മരണം തുറുപ്പുചീട്ടാക്കി ഇടതുപക്ഷവും കോണ്‍ഗ്രസ്സും.
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലും ഇതുസംബന്ധമായി ശിവഗിരി മഠാധിപതി പ്രകാശാനന്ദയുടെയും ശാശ്വതീകാനന്ദയുടെ സഹോദരിയുടെയും പ്രതികരണങ്ങളും പ്രചരണായുധമാക്കി ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ്സ്- സിപിഎം പദ്ധതി.
വി.എം സുധീരനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ്സ് വിഭാഗമാണ് ആലപ്പുഴ അടക്കമുള്ള വെള്ളാപ്പള്ളിയുടെ തട്ടകത്തില്‍ തന്നെ എസ്എന്‍ഡിപി ബിജെപി സഖ്യത്തെ ആക്രമിക്കാന്‍ ശാശ്വതീകാനന്ദയുടെ മരണം ആയുധമാക്കുന്നത്.
സിപിഎം ആകട്ടെ എല്ലാ ഘടകങ്ങള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്.
പ്രാദേശിക വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് വിജയ -പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇത്തവണ ജാതി -മത -രാഷ്ട്രീയ ചര്‍ച്ചകളുടെ ഉരക്കല്ലായി മാറിയിരിക്കുകയാണ്.
എസ്എന്‍ഡിപി യോഗവുമായുള്ള ധാരണ നഷ്ടക്കച്ചവടമാകുമോയെന്ന ഭീതി ഉണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കര്‍ക്കശ നിര്‍ദ്ദേശമുള്ളതിനാല്‍ യോഗ നേതൃത്വവുമായി സീറ്റ് ധാരണയിലെത്തി പോവാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്.
പിന്നോക്ക വിഭാഗത്തിന്റെ വോട്ട് ചോരാതിരിക്കാന്‍ എതിരാളികളെ കടന്നാക്രമിക്കുന്ന ശൈലിയാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ ജില്ലകളിലും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പര്യടന പരിപാടി സിപിഎം നേതൃത്വം പ്ലാന്‍ ചെയ്തിട്ടുണ്ട്. വി.എസും പിണറായിയും ഒറ്റക്കെട്ടായി വര്‍ഷങ്ങള്‍ക്കുശേഷം ഭിന്നതയില്ലാതെ ഇറങ്ങുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്.
വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിനെയും എസ്.എന്‍ ട്രസ്റ്റിനെയും വച്ചു നടത്തുന്ന തട്ടിപ്പുകളും സ്വജനപക്ഷപാതവും കുടുംബ വാഴ്ചയുമാണ് വി.എസിന്റെ ആയുധം.
ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യത്തില്‍ വി.എസിനോടും പിണറായിയോടും മത്സരിക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ശക്തമായി രംഗത്തുണ്ട്.
സുധീരന് പുറമെ വെള്ളാപ്പള്ളി വിരുദ്ധരായ ആലപ്പുഴയിലെ കോണ്‍ഗ്രസ്സ് നേതാക്കളും കിട്ടിയ അവസരം ചാനല്‍ ചര്‍ച്ചകളില്‍ ഇപ്പോള്‍ തന്നെ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി -ബിജെപി കൂട്ടുകെട്ടിന്റെ തന്ത്രങ്ങള്‍ അതിജീവിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പറ്റാവുന്ന ഇടങ്ങളിലൊക്കെ പിന്നോക്ക വിഭാഗത്തിലെ ആളുകളെ തിരഞ്ഞുപിടിച്ച് സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്.
തദ്ദേശ ‘കടമ്പ’ കഴിഞ്ഞാല്‍ നിയമസഭാ പോരാട്ടത്തില്‍ വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ഈ തന്ത്രങ്ങളൊക്കെയും.
അതേസമയം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരായ ആരോപണങ്ങള്‍ ബിജെപി മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയാവാതിരിക്കാന്‍ മറുതന്ത്രങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.