തദ്ദേശ തിരഞ്ഞെടുപ്പ് വിധി വന്ന ശേഷം നിയമകാര്യ വകുപ്പ് ഒഴിയാമെന്ന് മാണി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ വിജിലന്‍സ് കോടതി ഉത്തരവിന്റെ പശ്ചാലത്തില്‍ നിയമകാര്യവകുപ്പ് ഒഴിഞ്ഞ് പിടിച്ചു നില്‍ക്കാന്‍ മാണിയുടെ നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധിക്കുകയാണെങ്കിലും ഇല്ലെങ്കിലും നിയമകാര്യ വകുപ്പ് ഒഴിഞ്ഞ് മന്ത്രിസഭയില്‍ തുടരാനാണ് പദ്ധതി.

ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കെ.എം മാണിയും കേരള കോണ്‍ഗ്രസ്സിലെ ചില മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കിയതായാണ് സൂചന.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കിക്കിട്ടാന്‍ നല്‍കുന്ന റിവിഷന്‍ പെറ്റീഷനില്‍ അനുകൂല തീരുമാനമുണ്ടായാല്‍ പിന്നെ മാണിയുടെ രാജി ആവശ്യത്തിന് പ്രസക്തിയുണ്ടാകില്ലെന്നും, അതുവരെ കാത്ത് നില്‍ക്കാന്‍ തയ്യാറാകണമെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം.

പതിനൊന്നിന് ചേരുന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലും തുടര്‍ന്ന് നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തിലും മാണിയുടെ രാജിയുടെ കാര്യം ചര്‍ച്ചയ്ക്ക് വരുമെന്ന് ഉറപ്പായതിനാല്‍ എ-ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണ തേടി കെപിസിസി തീരുമാനം അനുകൂലമാക്കാനാണ് ശ്രമം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പിന്തുണയും മാണിക്കുണ്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ നിലപാടും നിര്‍ണ്ണായകമായതിനാല്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് മാണി.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇനി ഭീഷണിപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമായതിനാലും ഇടതുമുന്നണി പ്രവേശനം സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിക്കാന്‍ പറ്റാത്തതിനാലും കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ശരണം പ്രാപിച്ചിരിക്കുകയാണ് മാണി.

തദ്ദേശത്തില്‍ അടിപതറിയാല്‍ കെപിസിസി യോഗത്തിന് മുമ്പ് തന്നെ തനിക്കെതിരായി കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകുമെന്ന് മാണി കണക്കുകൂട്ടുന്നുണ്ട്.

പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ മാതൃകയില്‍ താന്‍ ഇപ്പോള്‍ നിയമകാര്യ വകുപ്പ് ഒഴിയാമെന്നാണ് മാണി പറയുന്നത്. കീഴ്‌വഴക്കങ്ങള്‍ തനിക്കും ബാധകമാണെന്ന് കോടതി വിധി വന്നയുടനെ മാണി തുറന്നടിച്ചതും കോണ്‍ഗ്രസ്സ് നേതൃത്വത്തിനുള്ള വ്യക്തമായ സന്ദേശമാണ്.

ചില മതമേലധ്യക്ഷന്മാരും മാണിക്ക് വേണ്ടി രംഗത്തുണ്ടെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന സൂചന.

അതേസമയം യുഡിഎഫിന് വിജയം നേടാന്‍ കഴിഞ്ഞാല്‍ മാണിക്കായി പ്രതിരോധകവചം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വലിയ പ്രയാസമുണ്ടാകില്ലെങ്കിലും വിധി മറിച്ചായാല്‍ ഇരുവരും വെട്ടിലാകും.

എ.കെ ആന്റണിയും വി.എം സുധീരനുമടക്കമുള്ള നേതാക്കള്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കണമെന്ന നിലപാടിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ഇരുവരും ധാര്‍മ്മികത ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും കെപിസിസി യോഗത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് കെപിസിസി പ്രസിഡന്റുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

ബാര്‍ കോഴ കേസില്‍ 25 ലക്ഷം രൂപ മാണി കൈക്കൂലി വാങ്ങിയതായി പ്രാഥമിക തെളിവുണ്ടെന്ന കോടതി പരാമര്‍ശമാണ് മാണിയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

തനിക്ക് പിന്തുണ നല്‍കിയ മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ തദ്ദേശ വിധി എതിരായാല്‍ കൈവിടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുയരുന്നതും മാണിക്ക് വന്‍ ഭീഷണിയാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന് കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം നേതാക്കള്‍ക്കിടയില്‍ തന്നെ ഉയരുന്ന അഭിപ്രായമാണ് മാണി വിഭാഗത്തെ അസ്വസ്ഥമാക്കുന്നത്.

ഇടതുപക്ഷം വിജയം നേടിയാല്‍ ജനതാദള്‍ (യു) വും ആര്‍എസ്പിയിലെ ഒരുവിഭാഗവും യുഡിഎഫ് വിടുമെന്ന അഭ്യൂഹം ശക്തമായതിനാല്‍ പിന്നെ താന്‍ നിയമകാര്യവകുപ്പ് ഒഴിയുകയോ രാജിവയ്ക്കുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ സര്‍ക്കാരിന്റെ കാര്യത്തില്‍ ‘തീരുമാന’മാകുമെന്ന കണക്കുകൂട്ടലും മാണിക്കുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാര്‍ കോഴ കേസ് മാത്രമല്ല മറ്റ് പലതും മാണിക്കെതിരെ വരാന്‍ സാധ്യതയുണ്ടെന്നും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

Top