കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പുനര്‍വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നടത്തണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. പുതിയ പഞ്ചായത്തുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിക്കൊണ്ട് സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
നടപടിക്രമങ്ങളിലെ കാലതാമസത്തേക്കാള്‍ പുതിയ പഞ്ചായത്തുകളും 4 മുനിസിപ്പാലിറ്റികളും റദ്ദാക്കിയ ഹൈക്കോടതി വിധികളാണ് ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയ്ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അനുകൂലവിധിക്കായി കോടതിയെ സമീപിക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മാര്‍ഗമില്ല. 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഇപ്പോഴുള്ളതിലും വലിയ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് കമ്മിഷനുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.