തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്.
രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം അഞ്ചു വരെയാണു പോളിംഗ് സമയം. വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളില്‍ രാവിലെ കനത്ത മഴയായിരുന്നു.
15096 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 9220 വാര്‍ഡുകളിലായി 1 കോടി 11 ലക്ഷത്തോളം വോട്ടര്‍മാരാണ് ജനവിധി കുറിക്കുന്നത്.
ആദ്യഘട്ടത്തില്‍ 1.11 കോടി വോട്ടര്‍മാര്‍ 31161 സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയഫലം നിശ്ചയിക്കും. നാല് കോര്‍പ്പറേഷനുകളിലും തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാകും.
വോട്ടെടുപ്പിനായി ശക്തമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. 3800 സേനാംഗങ്ങളേയാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്. കേരളത്തിനു പുറമെ കര്‍ണ്ണാടകത്തില്‍ നിന്നുള്ള 10 കമ്പനി പൊലീസിനെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രശ്നബാധിത ബൂത്തുകളില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.