തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണം

കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് അഞ്ച് മണിയോടെ അവസാനിച്ചിരിക്കുന്നത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാകും സ്ഥാനാര്‍ഥികളും പാര്‍ട്ടികളും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച വിധിയെഴുത്ത് നടക്കുന്നത്. മുന്നണി നേതാക്കളടക്കം ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പ്രചാരണത്തിനുണ്ട്.

തിരുവനന്തപുരത്ത് 6507 പേരും കൊല്ലത്ത് 5701 പേരുമാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രണ്ടിടത്തുമായി വിധിയെഴുതുന്നത് 46,26438 വോട്ടര്‍മാര്‍. തിരുവനന്തപുരത്ത് 73 ഗ്രാമ പഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുംനാല് നഗരസഭകളിലേക്കുമാണ് വോട്ടെടുപ്പ്. കടുത്ത പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും കലാശക്കൊട്ടിന് മറ്റിടങ്ങളിലേക്കാള്‍ ആവേശം കൂടും. കൊല്ലത്ത് 68 ഗ്രാമപഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നാല് നഗരസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

മറ്റു ജില്ലകളില്‍ നവംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഇവിടങ്ങളിലെ പ്രചാരണം നവംബര്‍ 3ന് സമാപിക്കും. എല്ലാ ജില്ലകളിലും നവംബര്‍ 7ന് വോട്ടെണ്ണും.

പ്രചാരണത്തിന്റെ സമാപനം സമാധാനപരമാണെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രചാരണവാഹനങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ഒഴിവാക്കാന്‍ ജങ്ഷനുകളില്‍ ഒരു പ്രദേശം ഒഴിച്ചിട്ട് അതിന് ചുറ്റിലുമായാണ് കൊട്ടിക്കലാശം ക്രമീകരിച്ചത്.

Top